2012, മാർച്ച് 31, ശനിയാഴ്‌ച

അലക്‌സി ടോള്‍സ്റ്റോയി
ആ വൃദ്ധദമ്പതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ടുകഴിഞ്ഞ അവരെ സന്താനഭാഗ്യം മാത്രം അനുഗ്രഹിച്ചില്ല.
ഒരിക്കല്‍ അവര്‍ ഒരു ചെറിയ തടിക്കഷണം എടുത്ത് പഴന്തുണിയില്‍ പൊതിഞ്ഞ് മടിയില്‍ വച്ച് താരാട്ടു പാടിത്തുടങ്ങി:
പൊന്നുമോനെ നീയുറങ്ങ്,
കുഞ്ഞുമോനെ നീയുറങ്ങ്.
കുയിലുറങ്ങി, മയിലുറങ്ങി
മുയലുറങ്ങി, നീയുറങ്ങ്
പൊന്നുമോനെ തെര്യോഷെച്ക്ക
കണ്ണുപൂട്ടി നീ ഉറങ്ങ്.
താരാട്ടു പാടിത്തീര്‍ന്നപ്പോള്‍ തടിക്കഷണം കോമളനായ ഒരു ബാലനായി മാറി. അവനാണ് തെര്യോഷെച്ക്ക.

മിടുമിടുക്കനായി അവന്‍ വളര്‍ന്നു. വൃദ്ധന്‍ അവന് വെളുത്ത ചായമടിച്ച ഒരു വഞ്ചിയും ചുവന്ന നിറമുള്ള തുഴകളും ഉണ്ടാക്കി കൊടുത്തു.
തെര്യോഷെച്ക്ക വഞ്ചിയില്‍ കയറി ഇരുന്നുകൊണ്ട് പറഞ്ഞു:
വഞ്ചീ കളിവഞ്ചീ ദൂരെ പോകാം,
വഞ്ചീ കളിവഞ്ചീ ദൂരെ പോകാം!
വഞ്ചി അവനെ ദൂരെ കൊണ്ടുപോയി. തെര്യോഷെച്ക്ക അവിടെ മീന്‍ പിടിച്ചുകൊണ്ടിരുന്നു. അമ്മ അവന് കുടിക്കാന്‍ പാല്‍ കൊണ്ടുവരും.
കരയില്‍ വന്നുനിന്ന് അമ്മ ഇങ്ങിനെ പറയുകയാണ് പതിവ്:

പൊന്നുമോനെ തെര്യോഷെച്ക്ക
ഓടി വായോ,
പാല്‍ കുടിക്കാന്‍.

ദൂരെനിന്ന് അമ്മയുടെ ശബ്ദം കേള്‍ക്കുന്ന തെര്യോഷെച്ക്ക കരയിലേക്കു മടങ്ങും. അമ്മ അവന്‍ പിടിച്ച മീന്‍ എടുത്തു കരയില്‍ വച്ചിട്ട്, അവന് ആഹാരവും ഒരു പുതിയ കുപ്പായവും കൊടുക്കും. അവന്‍ പിന്നേയും മീന്‍ പിടിക്കാന്‍ പോവും.
ഒരു ദുര്‍ദ്ദേവത ഈ കാര്യം അറിഞ്ഞു. അവള്‍ കരയില്‍ വന്ന് ഭയങ്കര ശബ്ദത്തില്‍ വിളിച്ചു:
പൊന്നുമോനെ തെര്യോഷെച്ക്ക
ഓടിവായോ
പാല്‍ കുടിക്കാന്‍.
അത് തന്റെ അമ്മയുടെ ശബ്ദമല്ലെന്ന് തെര്യോഷെച്ക്കയ്ക്ക് മനസ്സിലായി. അവന്‍ പറഞ്ഞു:
വഞ്ചീ വഞ്ചീ ദൂരെ പോകാം,
എന്റമ്മയല്ല വിളിപ്പതിപ്പോള്‍!
തന്റെ ഒച്ച തെര്യോഷെച്ക്കയുടെ അമ്മയുടേതുപോലെയാകാന്‍ വേണ്ടി ദുര്‍ദ്ദേവത ഒരു പുതിയ തൊണ്ട വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചു. അവള്‍ ഒരു കൊല്ലനെ സമീപിച്ചു.
കൊല്ലന്‍ വച്ചുകൊടുത്ത പുതിയ തൊണ്ടയുമായി അവള്‍ കരയില്‍ വന്നുനിന്ന് തെര്യോഷെച്കയുടെ അമ്മയുടെ ശബ്ദത്തില്‍ പാടി:
പൊന്നുമോനെ തെര്യോഷെച്ക്ക
ഓടിവായോ
പാല്‍ കുടിക്കാന്‍.

അമ്മയുടെ ശബ്ദമാണെന്ന് വിചാരിച്ച് തെര്യോഷെച്ക്ക കരയിലെത്തി. ദുര്‍ദ്ദേവത അവനെ പിടിച്ച് ഒരു ചാക്കില്‍ കെട്ടി രണ്ടു കോഴിക്കാലുകളില്‍ ഉറച്ചുനില്‍ക്കുന്ന തന്റെ കുടിലിലേയ്ക്കു കൊണ്ടുപോയി. തെര്യോഷെച്ക്കയെ പൊരിച്ചുവയ്ക്കണമെന്ന് മകള്‍ അലോന്‍കയോട് പറഞ്ഞിട്ട്, അവള്‍ എന്തോ ആവശ്യത്തിനു പുറത്തു പോയി.

അലോന്‍ക അടുപ്പു കത്തിച്ചു. ചൂളയ്ക്കു നന്നായി ചൂടുപിടിച്ചപ്പോള്‍ അവള്‍ തെര്യോഷെച്ക്കയോടു പറഞ്ഞു:
'നീ ഈ ചട്ടുകത്തില്‍ കയറി ഇരിക്ക്.'
അവന്‍ ചട്ടുകത്തില്‍ കയറി ഇരുന്നിട്ട് കൈകാലുകള്‍ ഇരുവശത്തേക്കും നീട്ടിവച്ചതുകൊണ്ട് അലോന്‍കയ്ക്ക് അവനെ ചൂളയിലേക്ക് എടുത്തുവയ്ക്കാന്‍ കഴിഞ്ഞില്ല.
'ഇങ്ങിനെയല്ല ഇരിക്കേണ്ടത്,' അലോന്‍ക പറഞ്ഞു. 'പിന്നെ എങ്ങിനെ ഇരിക്കണം? നീ ഒന്നു കാണിച്ചുതരൂ,' തെര്യോഷെച്ക്ക ആവശ്യപ്പെട്ടു.
'പൂച്ചയും പട്ടിയും ഉറങ്ങുന്നതു കണ്ടിട്ടില്ലേ? അതുപോലെ കിടന്നാല്‍ മതി.'
'എനിക്കു മനസ്സിലായില്ല. നീ ഒന്നു കാണിച്ചുതരൂ.'
അലോന്‍ക ചട്ടുകത്തില്‍ കയറി ഇരുന്നു. തെര്യോഷെച്ക്ക ഞൊടിയിടകൊണ്ട് അവളെ ചൂളയിലേക്കു തള്ളി, അതിന്റെ മൂടി അടച്ചു. അതു കഴിഞ്ഞ് അവന്‍ പുറത്തുപോയി ഒരു കൂറ്റന്‍ ഓക്കുമരത്തിന്റെ മുകളില്‍ കയറി ഇരുന്നു.

ദുര്‍ദ്ദേവത തിരിച്ചുവന്നു. അവള്‍ ചൂളയുടെ മൂടി തുറന്ന് പൊരിഞ്ഞിരിക്കുന്ന അലോന്‍കയെ തിന്നു. പിന്നീടു പുറത്തുവന്ന് പുല്ലില്‍ കിടന്നുരുണ്ടുകൊണ്ട് അവള്‍ പറഞ്ഞു:
'ഞാന്‍ തെര്യോഷെച്ക്കയെ ചുട്ടുതിന്നിട്ട് കൂത്താടുകയാണ്!' അപ്പോള്‍ ഓക്കുമരത്തിന്റെ മുകളില്‍ നിന്ന് തെര്യോഷെച്ക്ക പറഞ്ഞു:
'അലോന്‍കയെ ചുട്ടുതിന്നിട്ടാണ് നീ കൂത്താടുന്നത്!'
ദുര്‍ദ്ദേവത പറഞ്ഞു: 'ഓക്കിലകളുടെ ശബ്ദമായിരിക്കും ഞാന്‍ കേട്ടത്!'
അവള്‍ പല്ലവി ആവര്‍ത്തിച്ചു: 'ഞാന്‍ തെര്യോഷെച്ക്കയെ ചുട്ടുതിന്നിട്ട് കൂത്താടുകയാണ്!'
തെര്യോഷെച്ക്ക വീണ്ടും പറഞ്ഞു: 'അലോന്‍കയെ ചുട്ടുതിന്നിട്ടാണ് നീ കൂത്താടുന്നത്!'
ദുര്‍ദ്ദേവത മുകളിലേക്കു നോക്കി. ഓക്കുമരത്തിന്റെ മുകളില്‍ തെര്യോഷെച്ക്ക ഇരിക്കുന്നു. അവള്‍ ഓക്കുമരത്തിന്റെ ചുവട് കരണ്ടുതുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അവളുടെ മുന്‍വശത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞു. ഉടന്‍ കൊല്ലന്റെ അടുത്തുചെന്ന് അവള്‍ പറഞ്ഞു:
'കൊല്ലാ, കൊല്ലാ, രണ്ട് ഇരുമ്പുപല്ലുകള്‍ വച്ചു താ!'
കൊല്ലന്‍ രണ്ട് ഇരുമ്പുപല്ലുകള്‍ വച്ചുകൊടുത്തു.
ദുര്‍ദ്ദേവത തിരിച്ചുവന്ന് ഓക്കുമരം കരണ്ടുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ താഴത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞു. അവള്‍ പിന്നേയും കൊല്ലന്റെ അടുത്തേയ്‌ക്കോടി.
'കൊല്ലാ, കൊല്ലാ, രണ്ട് പല്ലുകള്‍കൂടി ഉണ്ടാക്കി താ!'
കൊല്ലന്‍ രണ്ട് ഇരുമ്പുപല്ലുകള്‍ കൂടി ഉണ്ടാക്കി കൊടുത്തു. അവള്‍ തിരിച്ചുവന്ന് കൂടുതല്‍ ശക്തിയോടെ ഓക്കുമരം കരണ്ടുതുടങ്ങി.
തെര്യോഷെച്ക്ക എന്തു ചെയ്യും? പെട്ടെന്ന് ഒരു പറ്റം വാത്തകള്‍ പറന്നുപോകുന്നത് അവന്‍ കണ്ടു. അവന്‍ അവരോടു പറഞ്ഞു:
'എന്റെ പൊന്നു വാത്തകളെ, എന്നെ ചിറകിലേറ്റി ഇവിടന്ന് കൊണ്ടുപോയി അച്ഛനമ്മമാരുടെ അടുത്താക്കിത്തരൂ!'
എന്നാല്‍ വാത്തകള്‍ പറഞ്ഞത് ഇങ്ങിനെയാണ്:

'ഗ-ഗ-ഗ. പിന്നാലെ കുറെ വാത്തകള്‍ വരുന്നുണ്ട്. അവര്‍ക്കു നല്ല വിശപ്പു കാണും. അവര്‍ നിന്നെ വീടെത്തിക്കാതിരിക്കില്ല!'
തെര്യോഷെച്ക്കയെ നോക്കി കൊതിയോടെ ചുണ്ടനക്കിക്കൊണ്ട് ദുര്‍ദേവത ആ സമയമത്രയും തടി കരണ്ടുകൊണ്ടിരിക്കയായിരുന്നു.....
മറ്റൊരു പറ്റം വാത്തകള്‍ പറന്നുപോയി. തെര്യോഷെച്ക്ക വീണ്ടും അപേക്ഷിച്ചു:
'എന്റെ പൊന്നു വാത്തകളെ, എന്നെ ചിറകിലേറ്റി ഇവിടന്ന് കൊണ്ടുപോയി അച്ഛനമ്മമാരുടെ അടുത്താക്കിത്തരൂ!'
വാത്തകളുടെ മറുപടി ഇതായിരുന്നു:
'ഗ-ഗ-ഗ! പുറകെ ഒരു വാത്തക്കുഞ്ഞു വരുന്നുണ്ട്. അത് നിന്നെ വീട്ടിലെത്തിക്കും.'
ദുര്‍ദ്ദേവത കരണ്ടുകരണ്ട് മരം ഒടിഞ്ഞുവീഴാറായി.

വിരൂപനായ ഒരു വാത്തക്കുഞ്ഞ് അപ്പോഴാണ് പറന്നുവന്നത്. തെര്യോഷെച്ക്ക അതിനോട് അപേക്ഷിച്ചു: 'എന്റെ പൊന്നു വാത്തക്കുഞ്ഞേ! എന്നെ നിന്റെ ചിറകിലേറ്റി അച്ഛനമ്മമാരുടെ അടുത്തെത്തിക്കൂ!'
വാത്തക്കുഞ്ഞിന് തെര്യോഷെച്ക്കയോട് അനുകമ്പ തോന്നി. അത് അവനെ അവന്റെ വീടിനു മുമ്പില്‍ കൊണ്ടിറക്കി.

റഷ്യന്‍ ആചാരമനുസരിച്ച് തെര്യോഷെച്ക്കയുടെ ഓര്‍മ്മയ്ക്കായി അവന്റെ അമ്മ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ അച്ഛനെ മേശയ്ക്കടുത്തേക്ക് ക്ഷണിച്ചു. ഇരുവരും ദോശ പങ്കുവച്ചുതുടങ്ങി: 'ഇതാ ഒന്ന് നിങ്ങള്‍ക്ക്, ഒന്നെനിക്ക്.'
തെര്യോഷെച്ക്ക പുറത്തുനിന്ന് വിളിച്ചു ചോദിച്ചു: 'എനിക്കുള്ള ദോശ എവിടെ?'
ആരാണ് പുറത്ത് സംസാരിക്കുന്നതെന്നറിയാന്‍ അമ്മ അച്ഛനെ മുറ്റത്തേക്കയച്ചു.
മുറ്റത്തു വന്ന വൃദ്ധന്‍ മകനെയാണു കണ്ടത്. അയാള്‍ ഉടന്‍തന്നെ അവനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മയും അച്ഛനും തെര്യോഷെച്കയെ കെട്ടിപ്പിടിച്ച്, ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
അവര്‍ വിരൂപനായ വാത്തക്കുഞ്ഞിന് ധാരാളം തീറ്റ കൊടുത്തു. അതിന് ആരോഗ്യവും ശക്തിയും വീണ്ടുകിട്ടിയ ശേഷമാണ് അവര്‍ അതിനെ വിട്ടയച്ചത്. ആ വാത്തക്കുഞ്ഞ് പറ്റത്തിന്റെ നായകനായിത്തീര്‍ന്നു. അത് പലപ്പോഴും തെര്യോഷെച്ക്കയെ ഓര്‍ക്കാറുണ്ടായിരുന്നു.

(വിശ്വോത്തര റഷ്യന്‍ ബാലകഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ