2012, മാർച്ച് 31, ശനിയാഴ്‌ച

സി.വി.ബാലകൃഷ്ണന്‍

'പഥേര്‍ പാഞ്ജലി'യുടെ അവസാനഭാഗത്തെ ഒരു സീന്‍ ഇങ്ങനെയാണ്: മഴ. വലിയൊരു ചേനയില ചൂടി സര്‍ബോജയ മഴയിലൂടെ വരുന്നു. കുളത്തിനരികെയുള്ള വഴിയില്‍ ഒരു തേങ്ങ വീണുകിടക്കുന്നത് സര്‍ബോജയയുടെ കണ്ണില്‍ പെടുന്നു. അതിനു മുന്നില്‍നിന്ന് പരിഭ്രമത്തോടെ ചുറ്റിലും നോക്കി തന്നെയാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം സര്‍ബോജയ പെട്ടെന്ന് കുനിഞ്ഞ് തേങ്ങയെടുത്ത് സാരികൊണ്ട് അത് മറച്ചുപിടിച്ച് തിടുക്കത്തില്‍ വീട്ടിലേക്ക് നടക്കുന്നു.

ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായയുടെ നോവലില്‍നിന്ന് സത്യജിത്‌റേ അതേപടി സ്വീകരിച്ച ഒരു സീനല്ലതന്നെ ഇത്. നോവലിലെ ഒട്ടനേകം പരാമര്‍ശങ്ങളും വിശദാംശങ്ങളും തിരക്കഥ തയ്യാറാക്കവെ ഒഴിവാക്കിയ റേ ചലച്ചിത്ര വ്യാഖ്യാനത്തിന്ന് ആവശ്യമെന്നു തോന്നിയ ചില സൂക്ഷ്മ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. സര്‍ബോജയയുടെ നിസ്സഹായത വെളിപ്പെടുത്താനായി റേ ചിത്രീകരിച്ച അതീവ സരളവും ഹ്രസ്വവുമായ സീന്‍ അക്കൂട്ടത്തിലൊന്നാണ്.ഹരിഹറിന്റെ കുടുംബത്തിന് പേരമരങ്ങളും ഞാറകളും മാവുകളും തെങ്ങുകളുമുള്ള ഒരു തോപ്പ് ഉണ്ടായിരുന്നു. അത് അന്യാധീനപ്പെടാന്‍ ഇടയാക്കിയത് മുന്നൂറ് രൂപയുടെ കടമാണ്. നഷ്ടപ്പെട്ട തോപ്പിനെയോര്‍ത്ത് സര്‍ബോജയ ദുഃഖിക്കുന്നുണ്ട്. ഒരു സന്ദര്‍ഭത്തില്‍ കൊട്ടക്കണക്കിന് മാങ്ങയും തേങ്ങയും ഞാറയും പേരയ്ക്കയും കൊണ്ടുപോകുന്നത് സര്‍ബോജയയുടെ കണ്‍മുന്നിലൂടെയാണ്. ദുര്‍ഗ ഒരു പേരയ്ക്ക പറിച്ചാല്‍ ഷിജൊബാവു വിളിച്ചുകൂവാന്‍ തുടങ്ങും.

'പഥേര്‍ പാഞ്ജലി' തുടങ്ങുന്നതുതന്നെ പേരയ്ക്ക പറിച്ച ആറു വയസ്സുകാരി ദുര്‍ഗയോട് ഷിജൊബാവു കയര്‍ക്കുന്നതോടെയാണ്. ദുര്‍ഗ ഓടിയകലുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഷിജൊബാവുവിന്റെ വീട്ടില്‍നിന്ന് ഒരു നെക്‌ലേസ് മോഷണം പോയപ്പോള്‍ ദുര്‍ഗ ആരോപണവിധേയയാകുന്നത് തോപ്പില്‍ നടത്തിയ ചെറിയ മോഷണങ്ങളുടെ പശ്ചാത്തലത്തിലാണ്. ഷിജൊബാവു ചോദ്യം ചെയ്യാനായി പിടികൂടുമ്പോള്‍ ദുര്‍ഗയുടെ കയ്യില്‍ എന്തോ ഉണ്ട്. കോപാക്രാന്തയായി അടിക്കാനോങ്ങുന്ന ഷിജൊ അമ്മായിയുടെ പിടിയില്‍നിന്ന് സര്‍ബോജയ ദുര്‍ഗയെ മാറ്റി അവളുടെ കൈപ്പിടിയില്‍ എന്താണെന്നു നോക്കുന്നു. ഉണങ്ങിയ ഞാറപ്പഴങ്ങളാണ്. അവ തന്റെ തോപ്പില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ഷിജൊബാവു പറയുമ്പോള്‍ സര്‍ബോജയ ചോദിക്കുന്നു: എല്ലാ പഴത്തിലും പേരെഴുതി വച്ചിട്ടൊന്നുമില്ലല്ലോ. അവളൊരു കുട്ടിയല്ലേ. കുറച്ചു പഴമെടുത്തെന്നു കരുതി ഇത്ര കാര്യമാക്കേണ്ടതുണ്ടോ?

തുടര്‍ന്ന് ഷിജൊബാവു പറയുന്ന അപമാനവാക്കുകള്‍ സര്‍ബോജയ ഏറ്റുവാങ്ങുന്നത് ഒരു പ്രഹരം പോലെയാണ്. അവര്‍ ദേഷ്യംകൊണ്ട് കിതയ്ക്കുന്നു. പശ്ചാത്തലത്തില്‍ ചെണ്ടയില്‍നിന്നുള്ള സംഗീതം ഉയരുന്നതിനിടയില്‍ അവള്‍ ദുര്‍ഗയുടെ മുടിക്ക് പിടിച്ചുവലിക്കുന്നു. വൃദ്ധയായ പിഷി ഇടപെടുന്നുവെങ്കിലും അവര്‍ക്ക് സര്‍ബോജയയെ തടയാന്‍ കഴിയുന്നില്ല. വരാന്തയില്‍നിന്ന് അപു അമ്മയുടെ കലുഷമായ ഭാവം ശ്രദ്ധിക്കുന്നു. വേദനയാല്‍ പുളയുന്ന ദുര്‍ഗയെ പുറത്തേക്ക് തള്ളി സര്‍ബോജയ വാതില്‍ അടയ്ക്കുന്നു. പിന്നെ നാം കാണുന്നത് സങ്കടത്തോടെ നിശ്ശബ്ദയായിരുന്ന് വിങ്ങിപ്പൊട്ടുന്ന സര്‍ബോജയെയാണ്. പിഷി താഴെയിരുന്ന് ചിതറിക്കിടക്കുന്ന കളിസാധനങ്ങള്‍ പെറുക്കിയെടുത്ത് ദുര്‍ഗയുടെ കളിപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു.

മഴ പെയ്യുന്നതും സര്‍ബോജയ ചേനയില തലയ്ക്കുമീതെ പിടിച്ച് കുളത്തിനരികിലൂടെയുള്ള വഴിയില്‍ പ്രത്യക്ഷപ്പെടുന്നതും നിരവധി ദൃശ്യങ്ങള്‍ക്ക് ശേഷമാണ്. കടുത്ത ദാരിദ്ര്യത്തിലും തികഞ്ഞ അഭിമാനം പുലര്‍ത്തുന്ന സര്‍ബോജയ നാലുപാടും നോക്കി നിലത്ത് വീണുകിടക്കുന്ന തേങ്ങയെടുത്ത് സാരിത്തലപ്പുകൊണ്ട് മറച്ചുപിടിച്ച് ധൃതിയില്‍ വീട്ടിലേക്കു നടക്കുന്നത് കാണുമ്പോള്‍, ഒരു നിമിഷം, നമ്മുടെ ഉള്ളൊന്ന് പിടയ്ക്കുന്നു.

പഥേര്‍ പാഞ്ജലി- അവസാനഭാഗം

സത്യജിത് റായ്

പ്രഭാതം. ഹരിഹര്‍ തന്റെ കണ്ണട ധരിച്ച്, വരാന്തയിലിരുന്ന് പഴയ കടലാസുകള്‍ പൊടിതട്ടി അടുക്കിവെക്കുകയാണ്. വീടിന്റെ മറ്റൊരു ഭാഗത്ത് നില്‍മോനിയുടെ ഭാര്യ, വീട്ടുസാമഗ്രികള്‍ അടുക്കിപ്പെറുക്കിവെക്കാന്‍ സര്‍വജയയെ സഹായിക്കുകയാണ്.

ഹരിഹര്‍: ഖോക, അലമാരിയില്‍ ബാക്കിയുള്ളവയൊക്കെ എടുത്ത് പുറത്തെ ബഞ്ചില്‍ കൊണ്ടുചെന്നു വെക്ക്.
സര്‍വജയ: സത്യം പറഞ്ഞാല്‍ ജ്യേഷ്ഠത്തിയമ്മേ, കഴിഞ്ഞ ഒരു കൊല്ലംകൊണ്ട് ഈ തറവാടുമായുള്ള എന്റെ ബന്ധം മുഴുവന്‍ തീര്‍ന്നപോലെയാണ് എനിക്ക് തോന്നുന്നത്. നിങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് എങ്ങനെയോ കഴിഞ്ഞുകൂടി. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്.
നില്‍മോനിയുടെ ഭാര്യ: എന്താ ഈ പറയുന്നത്? ഞങ്ങള്‍ എന്തുചെയ്തുവെന്നാണ്? നിങ്ങളെ ഇവിടെത്തന്നെ നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ലല്ലോ?
സര്‍വജയ: നിങ്ങളുടെ കുറ്റമല്ല. ജ്യേഷ്ഠത്തിയമ്മേ, ഞങ്ങളുടെ വിധിയാണ്. ഇവിടെ, ഈ നിശ്ചിന്തിപുരത്ത് മറ്റു മനുഷ്യരുമുണ്ടല്ലോ. സന്തോഷമായി കഴിയുന്നവര്‍!
നില്‍മോനിയുടെ ഭാര്യ: ശരി. നിങ്ങള്‍ പുതിയ സ്ഥലത്ത് സന്തോഷത്തോടെ കഴിയാന്‍ ദൈവം സഹായിക്കട്ടെ! അല്ലാതെ ഞാനെന്തു പറയാന്‍?

ചെറിയ യജമാനത്തിയുടെ ശബ്ദം കേള്‍ക്കുന്നതോടെ സര്‍വജയയും നില്‍മോനിയുടെ ഭാര്യയും തങ്ങളുടെ ശിരസ്സ് സാരിയുടെ അറ്റംകൊണ്ട് മറയ്ക്കുന്നു.

ചെറിയ യജമാനത്തി: നീയെവിടെയാണ് വധു?

ചെറിയ യജമാനത്തി കൈയില്‍ ഒരു കുട്ട മാമ്പഴവുമായി രണ്ടു സ്ത്രീകളും ഇരിക്കുന്നിടത്തേക്ക്. അവര്‍ അവരുടെ അരികെ ഇരിക്കുന്നു. മാമ്പഴം പേറിക്കൊണ്ടുവന്ന ആയാസംകൊണ്ട് ചെറുതായി കിതക്കുന്നുണ്ട്.

സര്‍വജയ: ഇരിക്കാന്‍ ഒരു പീഠം കൊണ്ടുവരാം.
ചെറിയ യജമാനത്തി: ഒന്നും വേണ്ട. ഇന്നലത്തെ കാറ്റില്‍ വീണ മാമ്പഴമാണ്. അത് നിങ്ങള്‍ക്ക് തരാമെന്നു കരുതി. യാത്രയില്‍ ഉപകരിക്കുമല്ലോ?
സര്‍വജയ: അതുകൊണ്ടുവന്ന് ബുദ്ധിമുട്ടേണ്ടിയിരുന്നില്ല.
ചെറിയ യജമാനത്തി: അതുകൊണ്ടെന്താ? ഇത്രയും കാലമായി ഞാന്‍ നിങ്ങള്‍ക്കൊന്നും തന്നിട്ടില്ല. കുറച്ച് മാമ്പഴത്തിന്റെ കാര്യം ഇത്ര പറയാനുണ്ടോ? നാളെയല്ലേ പോകുന്നത്?
സര്‍വജയ: അതെ. നിങ്ങള്‍ക്ക് ഞങ്ങളോട് ദേഷ്യമായിരിക്കും. വിവരം നേരത്തെ അറിയിച്ചില്ലല്ലോ.
ചെറിയ യജമാനത്തി: ഓ, ഇല്ല! എന്തിന് ദേഷ്യപ്പെടണം? നിങ്ങള്‍ പോകുന്നു എന്നു കേട്ടതുതന്നെ സന്തോഷം. ഒരിടത്തുതന്നെ കഴിച്ചുകൂട്ടുന്നത് വലിയ വിഷമമാണ്. (വെറ്റില വായിലിട്ട് ഗാംഭീര്യത്തോടെ ചവക്കുന്നു) ഞാനും കുറച്ചുകാലത്തേക്ക് ചന്ദ്രനാഥിലേക്ക് മാറി താമസിച്ചാലോ എന്നാലോചിക്കുകയാണ്.

ഗ്രാമമുഖ്യര്‍ ഹരിഹറിനെ സന്ദര്‍ശിക്കാനായി എത്തുന്നു. കൂട്ടത്തില്‍ ബാദി മജൂംദാറും ചക്രവര്‍ത്തിയുമുണ്ട്. ബാദി കൂടുതല്‍ വൃദ്ധനായിരിക്കുന്നു. അപുവും ഹരിഹറുംകൂടി വലിയ ഒരു തകരപ്പെട്ടി എടുത്തുമാറ്റി എല്ലാവര്‍ക്കും ഇരിക്കാന്‍ സ്ഥലമുണ്ടാക്കുന്നു. നില്‍മോനി പിറകില്‍ തന്റെ ഹുക്കയും വലിച്ച് ഇരിക്കുകയാണ്. സംസാരിക്കുന്നതിനിടയില്‍ ഹരിഹര്‍ ജോലി തുടരുന്നു. അപു ഓരോ സാധനങ്ങളുമായി അകത്തുനിന്ന് പുറത്തേക്കും, പുറത്തുനിന്ന് അകത്തേക്കും വന്ന് പോയ്‌ക്കൊണ്ടിരിക്കുന്നു.

ഹരിഹര്‍: ചക്രോത്തി മശായ്! വരൂ, ഇരിക്കൂ.
ഒരു വൃദ്ധന്‍: നീയെന്തിനാ ഞങ്ങളോടീ മര്യാദയൊക്കെ കാണിക്കുന്നത്? അതൊന്നും വേണ്ട.
ബാദി: (ശ്വാസം കഴിക്കാന്‍ വിഷമിച്ച്) ഒന്നരമാസമായി വയറിനസുഖം ബാധിച്ച് കിടപ്പായിട്ട്. ഇങ്ങോട്ടുവരാന്‍ പറ്റുമോ എന്നുതന്നെ സംശയമായിരുന്നു. ഇപ്പോഴാണ് ചക്രോത്തി പറഞ്ഞത് നീ കാശിയിലേക്ക് പോവുകയാണെന്ന്.
ഹരിഹര്‍: അതെ. നാളെ വെളുപ്പിന് ഞങ്ങള്‍ പോവുകയാണ്.
ബാദി: നാളെത്തന്നെ?
ഹരിഹര്‍: അതെ.
ബാദി: ഓ! പക്ഷേ, ഹരിഹര്‍-ശരിയായ ഒരു കാര്യമാണ് നീ ചെയ്യുന്നതെന്ന് വിചാരിക്കുന്നുണ്ടോ? നീ, രാജകേഷ്തുവിന്റെ മകന്‍, താരാകലങ്കാര്‍ മശായിയുടെ ചെറുമകന്‍. ഈ വീട് മൂന്നു തലമുറക്ക് ജന്മംകൊടുത്തതാണ്. ഗ്രാമത്തില്‍ പ്രായമായ ഞങ്ങളില്‍ ചിലരൊക്കെ ഇപ്പോഴുമുണ്ട്. നീ ഞങ്ങളുമായി ഇതിനെപ്പറ്റി വല്ലതും ആലോചിച്ചോ? ഏ...?

ബാദി മജൂംദാര്‍ താന്‍ പറയുന്നത് ശരിയല്ലേ എന്ന മട്ടില്‍ നോക്കുന്നു. വൃദ്ധന്മാര്‍ എല്ലാവരും തലകുലുക്കുന്നുണ്ട്. ഹരിഹര്‍ താന്‍ ചെയ്തുകൊണ്ടിരുന്ന ജോലി തുടരുകതന്നെയാണ്.

ഹരിഹര്‍: എന്ത് ആലോചിക്കാനാണ് മജൂംദാര്‍ ജ്യേഷ്ഠാ? വീട് എന്തുമാതിരിയായിരിക്കുന്നുവെന്ന് നിങ്ങള്‍ക്കുതന്നെ കാണാമല്ലോ? ഇനി അത് പുതുക്കി പണിയാനൊന്നും എനിക്ക് കഴിവില്ല. നിങ്ങളൊക്കെയുണ്ട്; എല്ലാവരും സഹായിക്കുമെന്നും അറിയാം. പക്ഷേ, എത്ര കാലത്തേക്ക്? കുറേ കാലമായി അതെ പതിനഞ്ച് കൊല്ലമായി. കടങ്ങളൊക്കെ വീട്ടി, സ്വസ്ഥമായിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. ഇതില്‍നിന്ന് കുറച്ച് വിറ്റു തുലച്ചിട്ടെങ്കിലും അത് വീട്ടാമോ എന്നു നോക്കട്ടെ. ഞാന്‍ പ്രതീക്ഷിച്ചതൊന്നും നടന്നില്ല. അല്പമൊക്കെ എഴുതുമായിരുന്നു. ഈ കടലാസുകള്‍ നോക്കൂ, ചിതലരിച്ചുകഴിഞ്ഞു. മോനെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നുണ്ടായിരുന്നു. (അയാള്‍ നിരാശയോടെ തലകുലുക്കുന്നു). ഒന്നുമായില്ല. (നെടുവീര്‍പ്പിടുന്നു). എന്റെ മോള്‍ - (വീണ്ടും നിരാശയോടെ തലകുലുക്കുന്നു). അവള്‍ എന്നെ വിട്ടുപോയി. (ദുര്‍ഗയുടെ ഓര്‍മ കുടഞ്ഞുകളയുന്നതുപോലെ തലകുലുക്കുന്നു). ഞാന്‍ ഇവിടെനിന്ന് പോവുകതന്നെയാണ് നല്ലത്, മജൂംദാര്‍ ജ്യേഷ്ഠാ സ്വന്തം പിതൃഗൃഹം വിട്ടുപോകേണ്ട കാലം ചിലപ്പോള്‍ മനുഷ്യനുണ്ടാകും. കാശിയിലെത്തിയാല്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍ കുളപ്പടവുകളിലിരുന്ന് മന്ത്രം ചൊല്ലുകയെങ്കിലും ആവാമല്ലോ...

മുറിയിലെ പുസ്തക അലമാരകള്‍ കാലിയാക്കപ്പെട്ടുകഴിഞ്ഞു. പുറത്ത് ഹരിഹര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, അപു, ദുര്‍ഗ തന്റെ സ്വകാര്യസ്വത്തുകള്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ മുമ്പില്‍ നില്‍ക്കുകയാണ്. അവന്‍ താഴത്തെ തട്ടില്‍ കയറിനിന്ന് എട്ടുകാലിവലകള്‍ നിറഞ്ഞ മുകള്‍ത്തട്ടിലേക്ക് കൈയെത്തിക്കുന്നു. അപുവിന്റെ കൈകള്‍ ഒരു ചിരട്ടയില്‍ തടയുന്നു. അവന്‍ അത് വലിച്ച് തട്ടി താഴെയിടുന്നു. എന്താണതെന്ന് നോക്കാനായി തിരിയുന്നു. പുറത്ത് പുരുഷന്മാര്‍ ഇപ്പോഴും സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം.

ഹരിഹര്‍: ...അല്ലെങ്കില്‍ പുരാണകഥകള്‍ പറഞ്ഞുകൊടുത്ത് എന്തെങ്കിലും സമ്പാദിക്കാം.
ബാദി: ഹൂം...! ശരി. നീ പോവുകയാണ്. എപ്പോഴെങ്കിലും തിരിച്ചുവരുമല്ലോ?
ഹരിഹര്‍: എന്നെ സംബന്ധിച്ചിടത്തോളം ഇനി തിരിച്ചുവരവില്ല.

മുറിയില്‍ വീണുകിടക്കുന്ന ചിരട്ട. ഒരു മുത്തുമാല നിലത്തുവീഴുന്നതോടൊപ്പം ഒരെട്ടുകാലിയും പുറത്തുചാടുന്നു. അവന്‍ ഓടി ജനലിനടുത്തേക്ക്. അവന്‍ ജനലിലൂടെ പുറത്തുചാടി, മതിലിന്റെ ഇടിഞ്ഞവശത്തുകൂടെ, വീടിന് പിറകിലുള്ള, കുളത്തിനരികിലേക്ക് ഓടുന്നു.
അപു മാല കുളത്തിലേക്ക് വലിച്ചെറിയുന്നു.
അത് നേരിയശബ്ദത്തോടെ കുളത്തില്‍ വീണ്, താമരകള്‍ക്കിടയിലൂടെ അടിയിലേക്ക് താഴുന്നു. നേര്‍ത്ത അലകള്‍ കുളത്തില്‍. അപു വളരെ സമയം താന്‍ മാല എറിഞ്ഞുകളഞ്ഞ സ്ഥാനം നോക്കി നില്‍ക്കുന്നു.

19
ഹരിഹര്‍റേ തന്റെ പിതൃഭവനം വിട്ടുപോയിരിക്കുന്നു. മേല്‍ക്കൂരയില്ലാത്ത വീട്, ഭയാനകമായി നില്‍ക്കുന്നു. ഒഴിഞ്ഞ മുറ്റത്ത് ചടഞ്ഞുകൂടിക്കിടക്കുന്ന നായ.
വരാന്തയുടെ ഇടിഞ്ഞുതകര്‍ന്ന ഭാഗത്തുനിന്ന് ഒരു പാമ്പ് സാവധാനം ഇഴഞ്ഞ് പുറത്തുവരുന്നു. അത് കിടപ്പറ വാതിലിനടുത്തേക്ക് ഇഴഞ്ഞ് മുറിയില്‍ കയറി അപ്രത്യക്ഷമാകുന്നു.
റോഡിലൂടെ ഒരു കാളവണ്ടി സാവധാനം നീങ്ങുകയാണ്. പിറകില്‍ കൊളുത്തിയിട്ടിരിക്കുന്ന ചില്ലുവിളക്ക്.
വണ്ടിക്കുള്ളില്‍ അപു, സര്‍വജയ, ഹരിഹര്‍. സര്‍വജയ സാരി വായില്‍ തിരുകി കരച്ചിലടക്കാന്‍ പണിപ്പെടുകയാണ്. അല്പനിമിഷങ്ങള്‍ക്കുശേഷം അവള്‍ തലകുനിച്ച് നിശ്ശബ്ദമായി കരയുന്നു. ഹരിഹര്‍ ഒരു നിമിഷം അവളെ നോക്കി തലതിരിക്കുന്നു. അയാള്‍ താന്‍ പിന്നിട്ടുപോന്ന പാതയിലേക്ക് ദൃഷ്ടികള്‍ ഉറപ്പിച്ച് ഇരിക്കുകയാണ്. മങ്ങിവരുന്ന പ്രകാശത്തില്‍ അയാളുടെ മുഖത്ത് നിറഞ്ഞുകവിയുന്ന വിഷാദം കാണാം. കാളവണ്ടി നീങ്ങിക്കൊണ്ടിരിക്കെ അയാളുടെ മുഖം ശാന്തമാകുന്നു.

(അപുത്രയ(3 തിരക്കഥകള്‍)ത്തില്‍ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ