2012, മാർച്ച് 31, ശനിയാഴ്‌ച

കോവിലനുമായി മാതൃഭൂമി വാരാന്തപ്പതിപ്പിന് വേണ്ടി എം.പി. സുരേന്ദ്രന്‍ നടത്തിയ അഭിമുഖം.



പട്ടിണിയില്‍നിന്ന് രക്ഷപ്പെടാന്‍, പട്ടാളത്തിലേക്ക് പോകുമ്പോള്‍, രാത്രി 'തറവാടി'ന്റെ കയ്യെഴുത്തുപ്രതി കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തു. ''ഇതു മംഗളോദയത്തില്‍ എത്തിക്കണം.''

ജബല്‍പുരിലെ പട്ടാളക്യാമ്പില്‍ പട്ടിണിയേക്കാള്‍ ക്രൂരമായ കഷ്ടപ്പാടുകള്‍. സ്വയംവെടിവെച്ച് മരിക്കാന്‍ ഉറച്ചു. തോക്കും തിരയും എപ്പോഴും കിട്ടില്ല. രാത്രി കാവല്‍നില്‍ക്കുമ്പോള്‍ തോക്കും അഞ്ചു തിരയും കിട്ടും. പകല്‍ ഉന്മാദിയെപോലെ കടന്നുപോയി. സന്ധ്യയ്ക്ക് സി.ജെ. തോമസിന്റെ കത്ത്. 'കഥ' എന്ന മാസികയില്‍ 'തറവാട്' ചേര്‍ത്തിട്ടുണ്ട്. കഥാകൃത്തിന്റെ അനുവാദംകൂടാതെ കഥ പ്രസിദ്ധീകരിക്കുകയെന്ന സ്വാതന്ത്ര്യം കാണിച്ചതിന് ക്ഷമിക്കണം.''

കഥയെഴുതാന്‍ വേണ്ടി അന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന കണ്ടാണിശ്ശേരി വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന വി.വി. അയ്യപ്പന്‍. പിന്നെ എഴുത്തിലൂടെ വിനീതന്‍ വി. അയ്യപ്പനായി, കോവിലനായി.കോവിലനു പിന്നിലും കഥയുണ്ട്. അതിലെ 'പ്രതി'യും സി.ജെ. തന്നെ. ഒരുനാള്‍ സി.ജെ. കത്തയയ്ക്കുന്നു. അതില്‍ എന്‍.വി. കൃഷ്‌നവാര്യരുടെ ഒരു കത്തിന്റെ ഭാഗം ഒട്ടിച്ചുചേര്‍ത്തിട്ടുണ്ട്. അതിങ്ങനെ: ''അയ്യപ്പനോട് ഒരു തൂലികാനാമം കണ്ടെത്താനും കഥകള്‍ മാതൃഭൂമിക്കയച്ചുതരാനും പറയൂ.''

മനസ്സു വെളിച്ചപ്പെട്ടു. പേരുകള്‍ പലതും വന്ന വഴിക്കുപോയി. ഒരു ദ്രാവിഡനാണല്ലോ എന്ന അഭിമാനം എപ്പോഴുമുണ്ടായിരുന്നു. 'കോവലന്‍ ' എന്നായാലോ എന്നു തോന്നി. സ്വന്തം നിലയ്‌ക്കൊന്നു മാറ്റി കോവിലന്‍. അതിനു മുമ്പ് പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത് വിനീതന്‍ വി. അയ്യപ്പന്‍ എന്ന പേരിലായിരുന്നു.

വി.വി. അയ്യപ്പനെന്ന കോവിലന്‍ ഇപ്പോഴും പുല്ലാനിക്കുന്നിനരികിലുണ്ട്. അരിയന്നൂരിലെ ഹരികന്യകാക്ഷേത്രത്തിന്റെ നടവഴിയില്‍, 86 വര്‍ഷങ്ങള്‍ പിന്നിട്ട ആ ജീവിതം, മുന്നിലേക്ക് നോക്കുന്നു. ''മനസ്സുനിറയെ ജീവിതങ്ങളാണ്. ഇന്നും ഞാന്‍ സമകാലികനാണ്'' കഥാകാരന്‍ മനസ്സ് തുറക്കുന്നു. മനുഷ്യന്റെ കുടലിനെക്കുറിച്ച് കഥയെഴുതിയ, ആദ്യത്തെയാളെന്ന് സ്വയം വിശേഷിപ്പിക്കുന്നു. പുല്ലാനിക്കുന്നില്‍നിന്നുള്ള വഴികളൊക്കെ തെളിഞ്ഞുവന്നതായിരുന്നു ജീവിതം. ആ വഴികളിലൂടെയാണ് കേരളവും ഇന്ത്യയും സാഹിത്യ പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പും എഴുത്തച്ഛന്‍ പുരസ്‌കാരവും 'മാതൃഭൂമി'യുടെ പുരസ്‌കാരവും പടികയറിവന്നത്.

രണ്ടാം ലോകമഹായുദ്ധം മുതല്‍ ചൈനീസ് ആക്രമണം വരെയുള്ള സംഗ്രാമഭൂമിയില്‍ നടന്നുകുഴഞ്ഞു. പുല്ലാനിക്കുന്നില്‍നിന്ന് ഹിമാലയത്തിലേക്കും ഇന്ത്യന്‍ സമുദ്രത്തിലേക്കും നീണ്ട മഹായാത്രകള്‍. മരുഭൂമിയും മലയിടുക്കും കടുകുപാടങ്ങളും ഗോതമ്പുവയലുകളും താണ്ടി വീണ്ടും പുല്ലാനിക്കുന്നിലെത്തുന്നു. പുല്ലാനിക്കുന്നിലിരുന്ന് ഹിമാലയം കണ്ടു. ഹിമാലയത്തില്‍നിന്ന് പുല്ലാനിക്കുന്നും കണ്ടറിഞ്ഞു. സ്വന്തം മണ്ണില്‍ വന്ന്, ആ കാലങ്ങളൊക്കെ കളംകൊണ്ടു. എഴുത്ത് ഗുരുതിപോലെ, തീവ്രാനുഭവമായി. എഴുതുമ്പോള്‍, തില്ലാനയായി. ഭാഷ വേഷംമാറിവന്നു. വിശപ്പും രതിയും പകയും ക്ഷോഭവുമൊക്കെ കലര്‍ന്ന രാഗമാലികപോലെ ഭിന്ന രൂപികളായ കഥകള്‍.

''എഴുതുമ്പോള്‍ വേറെ ആളാവും. 'തട്ടകം' എഴുതിയ അവസാനദിവസം മൂന്നു മണിക്കൂര്‍ കണ്ണടച്ചുകിടന്നു. ഭൂമി അത്രയും നേരം വട്ടംകറങ്ങി.''

''മൊറാദാബാദ് റെയില്‍വേ സ്‌റ്റേഷന്റെ സിമന്റ് ബെഞ്ചിലിരുന്ന് കണക്ഷന്‍ ട്രെയിന്‍ വരുന്നതിനു മുമ്പ് പെന്‍സില്‍ കൊണ്ട് കഥയെഴുതി'' വാഴക്കാവില്‍ ദേവിയെ വിളിച്ചുവരുത്തി. വാഴക്കാവില്‍ ദേവിയാകുന്നു തട്ടകത്തിലെ ചോലക്കുളങ്ങര ഭഗവതി. ഭഗവതി കളംകൊണ്ടതിങ്ങനെ...

തട്ടകത്തില്‍ ഉദിരമൂത്തു.

''ഏഴാം ദിവസം കൃത്യം മഞ്ഞപ്പതിറ്റടിക്ക് കമ്മളൂട്ടി കുളിച്ചുവന്നു. വാരപ്പറമ്പില്‍ ഉണ്ണീരിക്കുട്ടിയുടെ മുമ്പാകെ ചെമ്പുകിടാരം പോലെ കമ്മളൂട്ടി തൊഴുതുനിന്നു.
ഉണ്ണ്യൂട്ടി പ്രസാദിച്ചില്ല.
ഇറ്റുവാരുന്ന കുടുമയില്‍ അമര്‍ത്തിതടവി കമ്മളൂട്ടി ചോദിച്ചു.
എന്താ എന്റെ നല്ല ചങ്ങാതി.
കമ്മളൂട്ടിക്ക് കണ്ഠമടഞ്ഞു.
ഉണ്ണിക്കുട്ടി.
പേര് തെറ്റി വിളിച്ചുപോയല്ലോ എന്ന്.
കമ്മളൂട്ടി ഞൊടിയിട സ്തംഭിച്ചുനിന്നു ഉണ്ണ്യൂട്ടി, ഉണ്ണീരിക്കുട്ടി. എന്നെ വെട്ടി കുരുതിതീര്‍പ്പിച്ചാല്‍ നല്ലചങ്ങാതി അടങ്ങുമോ, ദേവത തൃപ്തിപ്പെടുമോ?
അപ്പോള്‍ മാത്രം ഉണ്ണീരിക്കുട്ടിക്കട്ടഹാസം പൊട്ടി: ഹീയേ...
ആദ്യത്തെ അട്ടഹാസം നിലച്ചില്ല. അരവാള്‍ വലിച്ചൂരി കമ്മളൂട്ടി സ്വയം വെട്ടിമറിഞ്ഞു. ഒന്നു വിറച്ചും പിന്നെ തെറിച്ചും കമ്മളൂട്ടി ഉദിരമൂത്തപ്പോള്‍ ചോലക്കുളവും കുളക്കരയും കുലുക്കിത്തിമര്‍ത്ത് ചോലക്കുളങ്ങര ഭഗവതി മുപ്പിലശ്ശേരിയില്‍ ആദ്യത്തെ കളംകൊണ്ടു. ഹീയേ... ഹ്വഹ്വ. (തട്ടകം).

****

പുസ്തകങ്ങളിലെ കോവിലനെ മാത്രമേ, ഭൂരിഭാഗവും കണ്ടതുള്ളൂ. അതിനു പിന്നില്‍ ഒരു പച്ചയായ മനുഷ്യനുണ്ട്. ക്ഷോഭം വരുമ്പോഴും അടിയില്‍ ആര്‍ദ്രതയുണ്ട്. ഏതോ വീട്ടുമുറ്റത്ത് അനാഥമായി കിടന്ന ചോരക്കുഞ്ഞിനെ മക്കളോടൊപ്പം വളര്‍ത്തി. പുല്ലാനിക്കുന്നിന്റെ ഉച്ചിയില്‍ കണ്ട പെണ്‍കിടാവിനും ജീവിതമുണ്ടാക്കി. അവര്‍ നിശ്ശബ്ദമായി പറയുമായിരിക്കും 'കോവിലന്‍ എന്റെ അച്ഛാച്ചന്‍'.

കഥ പിറക്കുന്നു

'എ മൈനസ് ബി ' മാത്രമാണ് ഞാന്‍ മിലിറ്ററി കാന്റീനിലിരുന്ന് എഴുതിയത്. ഝാന്‍സി ബബീന റോഡിന്റെ ഒരു വശത്തെ ബാരക്കിലായിരുന്നു സിഗ്‌നല്‍ സെക്ഷന്‍. വിസ്തൃതമായ വാതിലുകള്‍. കാറ്റും വെളിച്ചവും സുലഭവും. വന്മരങ്ങള്‍. തണല്‍. രണ്ടാം ഫീല്‍ഡ് റെജിമെന്റില്‍ താമസിക്കുമ്പോഴാണ് ഈ നോവലെഴുതാന്‍ തുടങ്ങിയത്. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചു. പക്ഷേ, ഏഴാമെടങ്ങള്‍ ഞാന്‍ മാതൃഭൂമിക്കു കൊടുത്തില്ല. പല മലയാളികളും എന്നെ തിരിച്ചറിയാന്‍ തുടങ്ങിയ കാലമാണ് . രണ്ടാം ഫീല്‍ഡ് റെജിമെന്റില്‍ ഒരു മലയാളി ഓഫീസറുടെ അമ്മ അരുമയായ മകനോടൊപ്പം വന്നു താമസിക്കാറുണ്ട്. അവര്‍ 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് സ്ഥിരം വായിക്കും. ഈ ഓഫീസര്‍ ഏഴാമെടങ്ങളിലെ കഥാപാത്രമാണ്. കണ്ണില്‍പ്പെടുന്ന ഏതു പെണ്‍കുട്ടിയുടേയും പ്രാണനാഥന്‍ താന്‍തന്നെ എന്നൊരു രോഗം അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ ഇതറിഞ്ഞാല്‍ എന്റെ ജീവിതം ഇല്ലാതാകും. അതുകൊണ്ട് നാട്ടില്‍ വന്നശേഷം ഞാന്‍ ഇത് പകര്‍ത്തിയെഴുതി. കണ്ടാണിശ്ശേരിയില്‍ വന്ന് 'ഹിമാലയം' എഴുതാനിരുന്നപ്പോഴാണ് 'തോറ്റങ്ങള്‍' തലയില്‍ കയറി ശല്യം ചെയ്തത്. എഴുതാതിരിക്കാന്‍ വയ്യാതായി. പായ വിരിച്ചു പല ദിവസം നിലത്തുകിടന്നു. ആഹാരം കഴിക്കാന്‍ പറ്റാതായി. തോറ്റങ്ങള്‍ മനസ്സില്‍ സ്വരൂപിച്ചു. കോമരത്തിന്റെ വെളിച്ചപ്പെടല്‍പോലെ ഭാഷ ഒഴുകി.

ഹിമാലയത്തില്‍നിന്ന് ഞാന്‍ നേരെയെത്തിയത് കാണ്‍പുരിലേക്ക്. അവിടെ ഐ.ഐ.ടി.യില്‍വെച്ചാണ് 'താഴ്‌വരകള്‍' പകര്‍ത്തിയെഴുതിയത്. അവിടെ കണ്ട ജീവിതത്തിന്റെ കറുത്തവശം 'ഭരതന്‍' എന്ന നോവലില്‍ ആവിഷ്‌കരിച്ചു. അടിയന്തരാവസ്ഥക്കാലമായിരുന്നു. അതിലെ ഭാഷയുടെ രൂപവും ഭാവവും ഞാന്‍ മാറ്റി. സെന്‍സറിങ്ങിനെ മറികടക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 'തട്ടകം' എന്റെ മനസ്സില്‍ രൂപപ്പെടാന്‍ തുടങ്ങി. മനസ്സിനെ ടെലിസേ്കാപ്പ് പോലെ തിരിച്ചുവെച്ചു. എന്നിലേക്ക്, എന്റെ ദേശത്തേക്ക്.

പുല്ലാനിക്കുന്ന്

വൃശ്ചികത്തിനും ധനുവിനും തേട്ടിക്കുന്നിന്റെ ഉച്ചിയില്‍ ഇരുന്നാല്‍ അതിസുന്ദരമായ ചക്രവാളം കാണും. കണ്ടാല്‍ മതിയാവില്ല. തേട്ടിക്കുന്നിലിരുന്ന് ഞാന്‍ ടാഗോറിനെ വായിച്ചു. അപ്പോള്‍ ഹിമാലയം നിറവാര്‍ന്നു വന്നു. പുല്ലാനിക്കുന്നിലെ മുനിമടയില്‍ ഒരു ബുദ്ധഭിക്ഷുവുണ്ടായിരുന്നു. ഭിക്ഷു ധര്‍മസ്‌കന്ദ. അഞ്ചുവയസ്സുള്ളപ്പോള്‍, കോണകം കെട്ടി, പാവുമുണ്ടുടുത്ത്, പെങ്ങളോടൊപ്പം ഭിക്ഷുവിനെ കാണാന്‍പോയി. ഒരു പഴം തന്നു.

ഗീതയെ പുല്ലാനിക്കുന്നില്‍നിന്ന് കണ്ടെടുത്തതാണ്. ലക്ഷം വീട് കോളനിയില്‍ ഒരു കൂരയിലായിരുന്നു അവള്‍. ഒരുദിവസം വീട്ടില്‍ ചേരപ്പാമ്പ് കയറി. കുട്ടികള്‍ നിലവിളിച്ചു. ഞാന്‍ ഓടിച്ചെന്നു. വീട് പണിയാന്‍വെച്ച കല്ല് കൊടുത്തു. അപ്പുട്ടി കല്ല് കെട്ടിപ്പൊക്കി. അവിടെ ഒരു വീട് ഉയര്‍ന്നു. ഒന്നും പറഞ്ഞില്ല. 86 ആണ്ടു കഴിഞ്ഞ എന്നെ ശുശ്രൂഷിക്കാന്‍ ഇപ്പോഴും ഗീതയുണ്ട്. മകളായിത്തന്നെ.

ആഗസ്ത് 9

മഹാത്മജി അറസ്റ്റിലായി. സമരരംഗത്തേക്കിറങ്ങാന്‍ എവിടെയും വിളി. അദമ്യമായ വിളി.
പാവറട്ടി സംസ്‌കൃതദീപിക കോളേജില്‍ പഠിക്കുന്ന ഞാനും സെന്റ് ജോസഫ്‌സ് കോളേജില്‍ പഠിക്കുന്ന കെ.ആര്‍. രാമനും സ്‌കൂള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അന്ന് പുകവലിക്കില്ല. ചിറ്റാട്ടുകരയിലെ പീടികയില്‍നിന്ന് ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും മെഴുകുതിരിയും വാങ്ങി പാവറട്ടിയിലേക്ക് നടന്നു. സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചു. സ്‌കൂള്‍ ബഹിഷ്‌കരിക്കുക. കോളേജിന്റെ ചുമരിലും ഒട്ടിച്ചു. കോളേജ് ഉപേക്ഷിക്കുക.

പിറ്റേ ദിവസം ക്ലാസില്‍ വന്നത് സാക്ഷാല്‍ കെ.പി. നാരായണപ്പിഷാരടി മാഷ്. മാഷെ ധിക്കരിച്ച് എങ്ങനെപുറത്തിറങ്ങും. ഒടുവില്‍ നിശ്ശബ്ദനായി പൂമുഖത്ത് വന്നുനിന്നു. തൊണ്ടപൊട്ടുന്നവിധം വിളിച്ചു. ഭോലോ ഭാരത് മാതാ... ക്ലാസുകളിലിരുന്ന് കുട്ടികള്‍ വിളിച്ചു. ''കീ ജയ്...''

റോഡിലേക്ക് കുട്ടികള്‍ ഇറങ്ങുമ്പോള്‍ തെക്കുനിന്ന് സെന്റ് ജോസഫ്‌സിലെ കുട്ടികള്‍ എത്തി. ചാവക്കാട് പോലീസ് സ്‌റ്റേഷന്റെ മുമ്പിലൂടെ നടന്ന് ഗുരുവായൂരില്‍ പടിഞ്ഞാറെ നടയില്‍ എത്തി. ഒരു കോണ്‍ഗ്രസ് നേതാവ് വന്ന് ഉപദേശിച്ചു. ചെയ്തതെല്ലാം നന്നായി. ഇനി നിങ്ങള്‍ പിരിഞ്ഞുപോകണം.

പിറ്റേന്ന് പതിവുപോലെ കോളേജിലേക്കെന്നും പറഞ്ഞ് ഇറങ്ങി. കടപ്പുറത്തുപോയി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് പ്രിന്‍സിപ്പലിന്റെ കത്ത്. അയ്യപ്പന്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ പഴുപ്പിച്ച നാരായം ചെവിയില്‍ തുളച്ചുകയറിയപോലെ തോന്നി. അച്ഛന്‍, വടി വെട്ടി വെച്ചിരുന്നു. ഒന്നല്ല, ഒരുപാട് വടികള്‍. ആ തല്ലെല്ലാം മുദ്രാവാക്യം വിളിച്ചതിനായിരുന്നില്ല! ഗുരുനാഥനെ വേദനിപ്പിച്ചതിനായിരുന്നു.

തോറ്റങ്ങള്‍

പല തലമുറകളുടെ കഥകള്‍ പറയുമ്പോള്‍ വലിയ ശ്രേഷ്ഠരുടെ കൃതികളെപ്പറ്റി പലരും പറയുമല്ലോ. എനിക്കതു കേട്ടപ്പോള്‍ തലമുറകളുടെ കഥ പറയുന്നത് ഒരു ചലഞ്ചായി തോന്നി. മലയാള നോവലുകളില്‍ ഒരു ചലഞ്ചായിരിക്കണം ഞാനെഴുതുന്നതെന്ന് തോന്നി. ദേശം എന്റെ മുമ്പില്‍ വന്നുകിടന്നു. മുതുവമ്മലായിരുന്നു ദേശം. വി.കെ. ശ്രീരാമന്റെ ചെറുവത്താനിയുടെ എക്‌സ്‌റ്റെന്‍ഷന്‍. ഞാനതിന് കടവില്‍ത്തറ എന്ന് പേരിട്ടു.

അവിടത്തെ കഥകള്‍ എനിക്ക് ഭാര്യാപിതാവും (അയ്യപ്പന്‍) മാതാവും (അമ്മുക്കുട്ടിയമ്മ) പറഞ്ഞുതന്നു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം അവര്‍ നേരിട്ടനുഭവിച്ചതാണ്. ഞാന്‍ അതിന് കടവില്‍ത്തറ എന്നു പേരിട്ടു. ഉണ്ണിമോള്‍, ഞാന്‍ കടഞ്ഞെടുത്ത കഥാപാത്രമായി. അതില്‍ ഒരുപാട് പേരുണ്ട്. എഴുതിയത് ഞാനൊന്നു കുറുക്കി, പിന്നെ മുറുക്കി, അതു സാന്ദ്രമായി, തലമുറകളുടെ ചരിത്രം ഞാന്‍ 'തോറ്റങ്ങളി'ലൂടെ പറഞ്ഞു.

''ആര്‍പ്പും വിളിയും കേള്‍ക്കായി. ഇതെന്തെന്ന് അല്ഭുതപ്പെട്ടു. മനയ്ക്കല്‍ വേളിയുണ്ടോ? അല്ഭുതത്തോടെ ചെകിടോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ആര്‍പ്പും വിളിയുമല്ല, കൂക്കും നിലവിളിയുമാണ്. ഓടിവരേയ്... കടവില്‍ത്തറ മുഴുക്കെ നിലിവിളിക്കുന്നു''. '99ലെ വെള്ളപ്പൊക്കത്തിന്റെ ഒഴുക്കിലൂടെ തോറ്റങ്ങള്‍ തുടങ്ങുന്നു... തോറ്റങ്ങള്‍ 'മാതൃഭൂമി'യില്‍ എം.ടി. കൊടുത്തുതുടങ്ങി.

ഹിമാലയം

ഹിമാലയം! ഇത്ര സൗന്ദര്യം ഞാന്‍ മുമ്പോ പിമ്പോ കണ്ടിട്ടില്ല. ഹിമാലയത്തിന് എത്ര ഉയരമുണ്ടോ അത്രതന്നെ അഗാധമായ താഴ്‌വാരങ്ങളുമുണ്ട്: പാതാളംപോലെ. വയര്‍ലെസ് സെറ്റുകള്‍ പരിശോധിക്കാന്‍ പോകുമ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, ഹിമാലയക്കാഴ്ചകള്‍ എന്നെ ഭ്രാന്തുപിടിപ്പിച്ചു. അഗാധതയുടെയും ആഴത്തിന്റെയും കൊടുമുടി ഒരിക്കലേ കണ്ടിട്ടുള്ളൂ. അന്നവിടെ 64 മൗണ്ടന്‍ ബ്രിഗേഡിന്റെ മുന്‍നിര താവളങ്ങളിലൊന്നിന്റെ ബങ്കറില്‍ കഴിയുന്ന കാലം. ചാങ്കു എന്ന പര്‍വതത്തില്‍നിന്ന് കാഞ്ചന്‍ജംഗയെ കണ്ടു. മോഹത്തില്‍പ്പെട്ട് കണ്ണടച്ചു. ഇത്രയും വലിയ സൗന്ദര്യമോ? ചെറുപ്രായത്തില്‍ പാര്‍വതി നീരാടി മുങ്ങിനിവര്‍ന്നു നില്‍ക്കുന്നതുപോലെ. എന്റെ മകള്‍ക്ക് പതിമൂന്നു വയസ്സായിട്ടുണ്ടാകും. അവള്‍ മുങ്ങിനിവര്‍ന്നത് കാണാനിടയായല്ലോ എന്ന കുറ്റബോധം പിടികൂടി. കണ്ണുകളടഞ്ഞുപോയി. പിന്നെ നോക്കുമ്പോള്‍, പര്‍വതത്തിന്റെ അരക്കെട്ടില്‍ മൂടല്‍മഞ്ഞ് നിറഞ്ഞു. പിന്നെ ഞാന്‍ എഴുതി 'ഹിമാലയം'. കണ്ടാണിശ്ശേരിയിലിരുന്ന് ഞാന്‍ ഹിമവാനെ കണ്ടുകൊണ്ടെഴുതി.

മനസ്സില്‍ ഇനിയും കിടക്കുന്നു കഥകള്‍. പുളിയും ചവര്‍പ്പും എരിവുമുള്ള മനുഷ്യര്‍. ''തട്ടകത്തിനൊരു തുടര്‍ച്ച എഴുതി. പത്തോ പതിനഞ്ചോ എപ്പിസോഡ്. അതങ്ങനെ കിടക്കട്ടെ. 'തട്ടകം' തനിയെ നില്‍ക്കട്ടെ.''

ഈ മണ്ണും വഴിയുമൊക്കെ ഇവിടെയുണ്ടാകും. മനുഷ്യര്‍ ഇല്ലാതാകുന്നില്ല. അന്ന് ആരെങ്കിലും കണ്ടാണിശ്ശേരിയിലെ മണ്ണില്‍നിന്ന് രൂപകം കണ്ടെടുക്കും. അതൊക്കെ ഏതെങ്കിലുമൊരു കണ്ടാണിശ്ശേരിക്കാരന്‍ എഴുതട്ടെ.

ബഷീര്‍, മുണ്ടശ്ശേരി, സി.ജെ.

ജീവിതം ആട്ടിയോടിക്കുമ്പോള്‍ മുമ്പില്‍ പൊന്‍കുന്നം ദാമോദരന്‍ നേരെ മംഗളോദയത്തില്‍ ചെന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ കണ്ടു. കുറച്ചുനാള്‍ ജോലിചെയ്തു. മുണ്ടശ്ശേരിയുടെ പകര്‍പ്പെഴുത്തുകാരനായി. സി.ജെ. തോമസ്, പി.സി. കുട്ടികൃഷ്‌നന്‍, ബഷീര്‍ എന്നിവരെ കാണുന്നു. അന്ന് 22 വയസ്സേയുള്ളൂ. വെങ്കു അയ്യര്‍ ലോഡ്ജില്‍ താമസം. പട്ടിണികിടന്നു വലഞ്ഞു. 15 രൂപയാണ് കിട്ടുന്നത്.
ബഷീറിന്റെ ബാല്യകാലസഖിയും ജന്മദിനവും വായിച്ചു. അത്ഭുതമായി. പിന്നീട് ബോട്ട് ജെട്ടിയില്‍ ബഷീറിന്റെ ബുക്ക് സ്റ്റാളില്‍ ചെല്ലും. ബഷീറിന് കഥകള്‍ ഇഷ്ടമായിരുന്നു. ജയിലിലെ തടവുകാരന്റെ കഥവായിക്കാന്‍ കൊടുത്തു. ജയിലില്‍കിടന്നിട്ടുണ്ടോ എന്ന ബഷീറിന്റെ മറുചോദ്യം. ''അനുഭവങ്ങളുണ്ടെങ്കിലേ എഴുതാവൂ''. ബഷീര്‍ ക്ഷോഭത്തോടെ പറഞ്ഞു. കഥ വായിച്ച ബഷീര്‍ അത് ചീന്തിക്കളഞ്ഞു. എന്റെ ഉള്ളുപൊള്ളി. പുറത്തുകടന്നപ്പോള്‍ ഞാന്‍ ആലോചിച്ചു. ബഷീര്‍ എന്താണ് ചെയ്തത്?. അനുഭവങ്ങള്‍ എങ്ങനെയാണ് എഴുത്തിന്റെ കരുത്താവുന്നത്? ആലോചിച്ചപ്പോള്‍ ബഷീര്‍ ചെയ്തത് ശരിയാണെന്ന് തോന്നി. വൈലാലില്‍ ബഷീര്‍ താമസമാക്കിയപ്പോള്‍ എല്ലാകൊല്ലവും പോകും. പി.സി. സുന്ദരനായ മനുഷ്യനായിരുന്നു, സുന്ദരമായ ആകാരം, പ്രസന്നമായ ഹൃദയം.

സി.ജെ. ജീവിതത്തില്‍ മറ്റൊരു വെളിച്ചമായിരുന്നു. പക്ഷേ, സി.ജെ. യുടെ നിര്‍ദേശപ്രകാരം ഡെമോക്രാറ്റ് മാസികയുമായി ബന്ധപ്പെട്ടു. ജീവിതത്തില്‍ അത് എതിരായി, അന്ന് പട്ടാളത്തിലാണ്. മൂന്നു മണിയോര്‍ഡറുകള്‍ അയയ്ക്കണം. മീററ്റില്‍ താമസിക്കുകയാണ്. പഴയ ശിപായിലഹള നടന്ന സ്ഥലമാണ്. കാലപാര്‍ട്ടിറിലാണ് എന്റെ ട്രാന്‍സ്മിറ്റര്‍. അവിടെവെച്ച് ശ്മശാനത്തില്‍ എന്ന കഥ എഴുതി. മൂന്നുലക്കം പരസ്യം ചെയ്തു. പക്ഷേ, പൈസ തന്നാല്‍ എഴുതാം എന്ന് പത്രാധിപര്‍ കാരൂരിന് എഴുതി. എനിക്കൊരു ഇന്ത്യന്‍ പേനവാങ്ങണം. സോറിക് പേന. പത്രാധിപര്‍ക്കതു രസിച്ചില്ല. പിന്നെ ഡെമോക്രാറ്റിക് ടീം. എസ്.പി.സി.എസ്സിന്റെ നേതൃത്വത്തിലെത്തിയപ്പോള്‍ എന്റെ ഒരൊറ്റ കഥപോലും പ്രസിദ്ധപ്പെടുത്തിയില്ല. ബഷീറാണത് എന്നെ അറിയിച്ചത്. കാരൂരിന്റെ കാലത്ത് കോവിലന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ല. സഹകരണം എന്നതിന്റെ പിന്നിലുള്ള സ്വേച്ഛാധിപത്യം!

ആദ്യത്തെ കഥയ്ക്ക് മാതൃഭൂമിയില്‍നിന്ന് എന്‍. വി. അയച്ചുതന്നത് 30 രൂപയാണ്. എനിക്കത് ജീവിതം പിടിച്ചുനിര്‍ത്താനുള്ള ഇന്ധനമായിരുന്നു. മൂന്നു മണിഓര്‍ഡറുകളും ഇനി അയയ്ക്കാമല്ലോ. ഒരുമാസം ഞാന്‍ ഒരു കഥയെങ്കിലും അയയ്ക്കും.
എം.ടി.യുമായി ഗാഢമായ ബന്ധമാണ്, എം.ടി. ആകാശങ്ങളോളം ഉയര്‍ന്നു. കോവിലന്‍ മണ്ണില്‍ത്തന്നെ നിന്നു. കലാമണ്ഡലത്തില്‍ ഞാനൊരു യോഗത്തിനു ചെന്നപ്പോള്‍ എം.ടി.യുമുണ്ട്. എം.ടി.ക്കുചുറ്റും ഒരു ബറ്റാലിയന്‍ ആരാധകരുണ്ട്. എനിക്ക് അടുക്കാന്‍ പറ്റിയില്ല. എം.ടി. കാണുന്നതുവരെ ഞാന്‍ കയ്യുയര്‍ത്തിനിന്നു. എം.ടി. എങ്ങനെയോ എന്നെ കണ്ടു, മന്ദഹസിച്ചു, ഞാന്‍ കൈതാഴ്ത്തി.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി അതേപോലെ ഞാന്‍ അടുപ്പം സൂക്ഷിച്ചു. വി.കെ. എന്നുമായിട്ടും അടുപ്പമായിരുന്നു. വി.കെ.എന്നിനെപ്പോലെ ഒരു റൈറ്റര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പ്രത്യക്ഷഭാവനകള്‍ ഇങ്ങനെ വരുന്നത് ആര്‍ക്കാണ്?
വി.കെ.എന്‍. പോയിട്ടും ഞാന്‍ തുടരുകതന്നെയാണ്. ലോകത്തെ നോക്കുന്നുണ്ട്. എന്നെ സമകാലികനാക്കിയത് കുറച്ചു സുഹൃത്തുക്കളാണ്.
മാതൃഭൂമി വാരാന്തപ്പതിപ്പ് (2009 സപ്തംബര്‍ 20)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ