2012, മാർച്ച് 30, വെള്ളിയാഴ്‌ച


കടമ്മനിട്ട

നെല്ലിന്‍ തണ്ടു മണക്കും വഴികള്‍
എള്ളിന്‍ നാമ്പു കുരുക്കും വയലുകള്‍
എണ്ണം തെറ്റിയ ഓര്‍മ്മകള്‍ വീണ്ടും
കുന്നിന്‍ ചെരിവില്‍ മാവിന്‍കൊമ്പില്‍
ഉണ്ണികളായി ഉറങ്ങിയെണീക്കെ,
താമരമൊട്ടുകള്‍ താന്തോന്നിത്തം കാട്ടി
കല്പടവാകെയിടിഞ്ഞുപൊളിഞ്ഞ കുളത്തിന്‍ കടവില്‍
തള്ളത്തവളകള്‍ നാമം ചൊല്ലി
ക്കല്ലിന്നടിയില്‍ക്കാലും നീട്ടിയിരിക്കുന്നേരം
എണ്ണ നിറച്ചൊരു കിണ്ണവുമായി
തോര്‍ത്തുമുടുത്തു കുളിക്കാനെത്തിയ
പുലരിയെ നോക്കിപ്പുല്‍ക്കൊടി നോക്കി
പൂക്കളെ നോക്കിയുണര്‍ത്തി
പുണ്ണിലിറങ്ങിയ കുശമുനയൂരിപ്പല്ലിട കുത്തി മണത്തു
കുശുമ്പു നിനച്ചു്, കുറുമ്പു നടിച്ചു്,
കുളക്കോഴിപ്പിടയാടയുരിഞ്ഞു പിടഞ്ഞു
പടിഞ്ഞാട്ടോടിപ്പോവതു നോക്കി നടന്നൂ ഞാന്‍ ..




കോഴി

കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍
എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറു നിറയ്ക്കാം
എന്ന് തോന്നുന്ന തോന്നലു വേണ്ട.

നിന്റെ ജീവിതം നിന്‍ കാര്യം മാത്രം
നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു

അന്നു ഞാനും ഉടപ്പിറന്നോളും
ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍
അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി
ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും
കൊത്തി മാറ്റിയൊരിക്കല്‍ അതില്‍ പിന്നെ
എത്ര രാവിന്റെ തൂവല്‍ കൊഴിഞ്ഞു

നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു

കാവിലെ കിളിപ്പാട്ടുകള്‍ കേട്ടും
പൂവുകള്‍ കണ്ടും പറന്നു ചെല്ലല്ലേ
കാട്ടില്‍ ഉണ്ടു പതുങ്ങിയിരിക്കും
കാടനുണ്ടു കടിച്ചു പറിയ്ക്കും

കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്


പരാതി

പറയൂ പരാ!തി നീ കൃഷ്‌ണേ...
പറയൂ പരാ!തി നീ കൃഷ്‌ണേ...
നിന്റെ വിറയാര്‍ന്ന ചുണ്ടുമായ്
നിറയുന്ന കണ്ണുമായ്
പറയൂ പരാ!തി നീ കൃഷ്‌ണേ
പറയൂ പരാ!തി നീ കൃഷ്‌ണേ
അവിടെ നീ അങ്ങനിരിക്കൂ
മുടിക്കതിരുകള്‍ അല്‍പ്പമൊതുക്കൂ..
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലുപോലെന്നെ ഞാന്‍ കാണ്മൂ..
നിറയുമാ കണ്‍കളില്‍ കൃഷ്ണമണികളില്‍
നിഴലുപോലെന്നെ ഞാന്‍ കാണ്മൂ..
അടരാന്‍ മടിക്കുന്ന തൂമണി കത്തുന്ന
തുടര്‍വെളിച്ചത്തില്‍ ഞാന്‍ കാണ്മൂ...
കാണാന്‍ കൊതിച്ചിന്നുമാകാതെ ദാഹിച്ചു,
വിടവാങ്ങി നിന്നൊരെന്‍ മോഹം...
ഇടനെഞ്ചുയര്‍ന്നുതാണുലയുന്ന സ്​പന്ദമെന്‍,
തുടരുന്ന ജീവന്റെ ബോധം...
അതുനിലപ്പിക്കരുത് അതിവേഗമോരോന്ന്..
പറയൂ പരാ!തി നീ കൃഷ്‌ണേ...
പറയൂ പരാ!തി നീ കൃഷ്‌ണേ...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും,
പുതിയാതായിത്തോന്നും...
എന്നും പറഞ്ഞവതന്നെയാണെങ്കിലെന്തെന്നും ,
പുതിയാതായിത്തോന്നും...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങള്‍,
ഉള്ളതൊരിത്തിരി ദുഃഖം...
അല്ലെങ്കിലെന്തുണ്ട് അനവധികാര്യങ്ങള്‍,
ഉള്ളതൊരിത്തിരി ദുഃഖം...
മിഴികോര്‍ത്തു നിന്നു നീ പറയുന്ന മാത്ര ഞാന്‍
കേല്‍ക്കുന്ന മാത്രകള്‍ അതില്‍ മാത്രമാണ് നാം
അന്വേന്യമുണ്ടെന്ന് അറിയുന്നെതിന്നായ് പറയൂ..

'പറയൂ പരാതി നി കൃഷ്‌ണേ..'

ഉച്ചത്തിലുച്ചത്തിലാകട്ടെ നിന്‍ മൊഴി..
ഉച്ചത്തിലുച്ചത്തിലാകട്ടെ നിന്‍ മൊഴി..

'ഒച്ചയടഞ്ഞുവോ..?'

നിശ്ചലം ചുണ്ടുകള്‍, നിറയാത്തകണ്ണുകള്‍
നിറയാത്തകണ്‍കളില്‍ കൃഷ്ണമണികളില്‍..
നിഴലില്ല, ഞാനില്ല ഞാനില്ല..



കണ്ണൂര്‍ കോട്ട

പകലുറക്കത്തിന്റെ ചടവുമായി കണ്ണൂര്‍ക്കോട്ടയിലേക്കു
ഞാന്‍ കടന്നുചെന്നപ്പൊഴെക്കും
പുരാവസ്തുസംരക്ഷണവകുപ്പിന്‍ കീഴില്‍
അതൊരു സ്മാരകമായി മാറിയിരുന്നു

വൈധവ്യം ബാധിച്ച വൃദ്ധയുടെ പ്രൌഢയൌവനത്തിന്റെ
അകാലസ്മൃതികള്‍പോലെ
തുരുമ്പിച്ച പീരങ്കികള്‍ പലയിടത്തും

ഇവയുടെ ഹിംസ്രഗര്‍ജനങ്ങള്‍ അനന്തമായ അലയാഴിയുടെ
നിതാന്തഗംഭീരതരംഗഘോഷങ്ങള്‍ക്കു മുകളിലൂടെ
പാഞ്ഞു പോയിരിക്കണം

ദിശാസൂചികളും വെച്ച് അളന്നു
തിട്ടപ്പെടുത്തിയ അലര്‍ച്ചകള്‍ ഉന്നത്തിലേക്ക്
ഊക്കോടെ കുതിച്ചുകാണും

പടക്കുതിരകളുടെ കുളമ്പുകള്‍ക്കിടയില്‍
നിര്‍ദോഷികളുടെ നിലവിളികള്‍ ചതഞ്ഞരഞ്ഞിരിക്കണം
വിഢ്ഡികള്‍ വിജയാഘോഷം കൊണ്ടാടിയിരിക്കണം
മനുഷ്യന്‍ മനംനൊന്തു ദു:ഖിച്ചിരിക്കണം
നിസ്സംഗമായ മരണത്തില്‍ എല്ലാം മറന്നുപോയിരിക്കണം

കാറ്റാടിമരച്ചില്ലകള്‍ എന്താണു മൂളുന്നത്?
കടലിലേക്കുതന്നെ മുഖം തിരിച്ചാലോ?
കടലിന്നും കടലുതന്നെ
കരകാണാത്ത നീല വിസ്തൃതി
രഹസ്യം വിട്ടുകൊടുക്കാത്ത അതേ മന:സ്ഥിതി

അസ്തമയത്തിന്റെ നിഴല്‍ പരന്ന അങ്ങേ മൂലയ്കല്‍
സ്വവര്‍ഗഭോഗികള്‍ ഉത്തേജിതരാകുന്നു
അകപ്പെട്ടുപോയ ഒരു കുമാരന്റെ
അമര്‍ത്തിപ്പിടിച്ച വിമ്മിട്ടം
ഉദാസീനമായ കണ്ണുകള്‍ ആ ഭാഗത്തേക്ക്
തിരിഞ്ഞെങ്കിലും ഒന്നും വ്യക്തമല്ല
കെട്ടുപിണഞ്ഞ നിഴലുകള്‍ മാത്രം
മിക്കകണ്ണുകളും ഇവിടെ ഉദാസീനമാണ്

എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ! പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരോടും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കികാണും'

കോട്ടയിന്നു കോട്ടയല്ല പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
സ്വവര്‍ഗഭോഗികള്‍ അവസരം പാര്‍ത്തു കഴിയുന്നു
പിമ്പുകള്‍ പരതി നടക്കുന്നു

ഇതാ ഒരു പരസ്യം
'ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും'

എങ്കിലും ഞാന്‍ ഭയന്നു
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടുകൊണ്ടു പറയുമല്ലോ 'സമയമായി'

കുറത്തി

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കട ചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു.
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ ,
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ പുലിയുടെ
കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലേ വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് കാടരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍
മരമരിച്ച് പൂവരിച്ച് തേനരിച്ച്
കാഴ്ചവെച്ചില്ലെ നിങ്ങള്‍
മധുകുടിച്ച് മത്തരായി
കൂത്തടിച്ചില്ലേ ഞങ്ങള്‍
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ
നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ
യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:
'ഖനി തുരക്കൂ,തുരന്നുപോയി
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ
കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ?എവിടെ
ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി
ലായിയമര്‍ന്നു ചോദ്യം കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍,ലോഹദണ്ഡുകള്‍
ലോഹനീതികള്‍,വാതകക്കുഴല്‍
വാരിയെല്ലുകള്‍,പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍,ആണികള്‍
നിലമിളക്കും കാളകള്‍, കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍,നിലയുറയ്ക്കാ
തൊടുവിലെച്ചിക്കുഴിയിലൊന്നായ്
ച്ചെള്ളരിക്കുമ്പോള്‍നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍,നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
'ഹരിജനങ്ങള്‍' ഞങ്ങളാഹാ: അവമതി
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍!
അടിമ ഞങ്ങള്‍,ഹരിയുമല്ല,ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍.
നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കുംഅടിമ ഞങ്ങള്‍
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്.
എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍.
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍.
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ