|
||
![]() അക്കിത്തം രൂപപ്പെട്ട കാലഘട്ടം കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ മാനവിക വികാസത്തിന്റെ ചരിത്രഘട്ടമായിരുന്നു. 'ഇവിടെ മനുഷ്യനാണ് സത്യം' എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിക്കാനുഴറുകയായിരുന്നു അന്നത്തെ യുവാക്കളായ സാംസ്‌കാരിക പ്രവര്‍ത്തകര്‍. അക്കിത്തം അവര്‍ക്കൊപ്പമായിരുന്നു. ആഢ്യത്വവും ജന്മിത്വവുമുണ്ടായിരുന്ന ഒരു വൈദിക ബ്രാഹ്മണ കുടുംബത്തില്‍ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നടുക്ക് ജനിച്ചുവളര്‍ന്നിട്ടും ഒരു നിര്‍ണായക ചരിത്രഘട്ടത്തില്‍ താനുള്‍പ്പെട്ട സമുദായത്തെ അടിമുടി ഉടച്ചുതകര്‍ത്ത വിസ്‌ഫോടനാത്മകമായ ഒരു വിപ്ലവത്തിന്റെ ഭാഗമായി നിന്നവനാണ് ഈ ഉണ്ണിനമ്പൂതിരി. അന്ന് വി.ടി.യായിരുന്നു അക്കിത്തത്തിന്റെ ഗുരു. ബ്രഹ്മസ്വവും ദേവസ്വവും സംബന്ധവ്യവസ്ഥിതിയും തൊട്ട് കടവല്ലൂര്‍ അന്യോന്യം വരെ കടപുഴകി വീണ ആ കൊടുങ്കാറ്റിലാണ് അഗ്‌നിഹോത്രമുപേക്ഷിച്ച് അനാഥ ജനസഞ്ചയത്തില്‍ അണിചേരുന്ന യോഗക്ഷേമത്തിന്റെ സാമൂഹ്യപാഠം അക്കിത്തം പഠിച്ചത്. നമ്പൂതിരി മനുഷ്യനായ ചരിത്രത്തിന്റെ ഭാഗമാണത്. അക്കാലത്തെ സ്വതന്ത്ര ചിന്താശാലികളായ മൗലിക പ്രതിഭകളുമായുള്ള നിരന്തര സമ്പര്‍ക്കം ലോകരാഷ്ട്രീയ പൊതുബോധമണ്ഡലത്തെ ആഴത്തിലുള്‍ക്കൊള്ളാന്‍ അക്കിത്തത്തെ പ്രാപ്തനാക്കി. എം. ഗോവിന്ദനിലൂടെ 'റാഡിക്കല്‍ ഹ്യുമാനിസ'ത്തിന്റെ ആധുനികവും ഉന്നതവുമായ നവമാനവ ബോധത്തിലേക്ക് വളര്‍ന്നു. അതോടൊപ്പം ഇവരിലാര്‍ക്കുമില്ലാത്ത വിധത്തില്‍ ചിരാര്‍ജിതമായിരുന്ന ഇന്ത്യന്‍ ആത്മീയതയുടെ വെളിച്ചം കൈവിടാതിരിക്കുകയും ചെയ്തു. അതുകൊണ്ടൊക്കെത്തന്നെയാവണം കമ്യൂണിസത്തിന്റെ മാനവ സമത്വ ദര്‍ശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളില്‍ കലര്‍ന്നുപോയ ഹിംസാത്മകതയെ തുറന്നെതിര്‍ക്കാന്‍ 1952-ല്‍ത്തന്നെ അക്കിത്തം ധൈര്യം കാണിച്ചത്. 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി ഒരേസമയം 'രണദിവെ' തിസീസ്സിന്റെ ഹിംസാത്മക ക്രൗര്യത്തെ നേരിടുകയും കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ മനുഷ്യസ്‌നേഹത്തെ മുറുകെപ്പിടിക്കുകയും ചെയ്തു. ഇങ്ങനെ സാമ്യവാദത്തില്‍ നിന്ന് സര്‍വഭൂതഹൃദയത്വത്തിലേക്ക് വളര്‍ന്ന അപാരമായൊരു സ്‌നേഹയാത്രയായി അക്കിത്തത്തിന്റെ കാവ്യദര്‍ശനം. മലയാളത്തില്‍ ഇന്ന് 'ഋഷികവി' എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മഹാകവി അക്കിത്തത്തെയാണ്. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിഛന്ദോദേവതമാരുടെ ഐക്യംകൊണ്ട് വാക്കിനെ മന്ത്രമാക്കുന്ന കവിത്വവും വാക്കില്‍നിന്നു വെളിച്ചത്തെ മാത്രം കണ്ടെത്തുന്ന ഋഷിത്വവും ഒരാളിലൊരുമിച്ചതിന്റെ പുണ്യമാണ് അക്കിത്തം. 'നാനൃഷി കവി' എന്ന ആപ്തവചനം അതുകൊണ്ടുതന്നെ അക്കിത്തത്തെ സംബന്ധിച്ച് സത്യമാവുന്നു. കാലത്തെ കവിഞ്ഞുനില്‍ക്കുന്ന കാവ്യസംസ്‌കാരമാണ് അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്റെ സ്‌നേഹാനുഭവമാണെന്നറിഞ്ഞ മനുഷ്യാദൈ്വതം അക്കിത്തം നമ്മുടെ കാലത്തിനു നല്‍കി. കരച്ചിലിനെ അനുസരിക്കുന്നവനാണ് കവി എന്ന ധര്‍മബോധം പഴയൊരു ഭാരതീയ ദര്‍ശനമാണ്. ആ അര്‍ഥത്തില്‍ അക്കിത്തത്തിന്റെ കവിത എന്നും കണ്ണുനീരിനെ സ്‌നേഹസത്തയാല്‍ വിമലീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. 'നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ' എന്നു വിഷാദിച്ചപ്പോഴും (ഇടിഞ്ഞുപൊളിഞ്ഞ ലോകം) 'ഒരു കണ്ണീര്‍ക്കണം മറ്റു ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം' എന്ന ബോധോദയമാര്‍ന്നപ്പോഴും (ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം) 'കാണായതപ്പടി കണ്ണുനീരാകിലും ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസ ശക്തിയാല്‍' എന്ന പ്രത്യാശ പുലര്‍ത്തിയപ്പോഴും (പണ്ടത്തേ മേശാന്തി) 'ഊറും കണ്ണീര്‍ തനിയേ മുത്തായ് മാറുന്നുണ്ടാ മുത്താലേ നമ്മള്‍ ജയിപ്പൂശോകത്തെ സ്സഖി, നമ്മള്‍ രചിപ്പൂ നാകത്തെ' എന്ന് ജീവിതാസക്തനായി ഇപ്പോഴും ആത്മാവില്‍ കണ്ണീരണിഞ്ഞ ബോധിസത്വനായിരുന്നു അക്കിത്തം. എന്നാല്‍ ഈ ബുദ്ധധര്‍മത്തോടൊപ്പം എല്ലാമറിഞ്ഞവന്റെ ഒരു നര്‍മവും അക്കിത്തം പിന്നീട് കോര്‍ത്തുവെച്ചു. ബുദ്ധനില്ലാതിരുന്ന ഈ നര്‍മം അക്കിത്തം കൃഷ്ണനില്‍ നിന്നു തന്നെയാവണം നേടിയത്. 'നീലക്കരിമ്പേ നിന്‍തണ്ടാ- ണരോഗനിവനുത്തമം' എന്ന് ഗുരുവായിരുന്ന ഇടശ്ശേരി സാക്ഷാത്കരിച്ച കൃഷ്ണദര്‍ശനം മറ്റൊരര്‍ഥത്തില്‍ അക്കിത്തം നേരത്തേ സ്വാംശീകരിച്ചിട്ടുണ്ട്. 'എങ്ങോട്ടു പോണൂ മുത്ത്യേമേ, ചാത്തൂനെക്കണ്ടോ കുട്ട്യോളേ' എന്നു തുടങ്ങുന്ന 'കണ്ടവരുണ്ടോ' എന്ന കവിതയില്‍ മുത്ത്യമ്മ വാഴനാരുകൊണ്ടടിച്ചു വേദനിപ്പിച്ച ചാത്തു എന്ന കുട്ടി പരിപൂര്‍ണ പ്രേമസ്വരൂപമായ ഉണ്ണികൃഷ്ണന്‍ തന്നെയാവാതെ വയ്യ. 'അമ്പാടിക്കണ്ണന്റെ നിറമാണേ' എന്ന സൂചന നമ്മള്‍ മതേതരത്വം പുലര്‍ത്താന്‍ ഞാവല്‍പ്പഴത്തിന്റെ നിറമാക്കി തിരുത്തിയാലും 'തൊട്ടാല്‍ തൊട്ടതു നീലയ്ക്കുന്ന' ആ പ്രേമാവതാരം സത്യമായിത്തന്നെ നില്‍ക്കുമല്ലോ. അതുകൊണ്ടാവണം വാക്കിന്റെ സത്യത്തില്‍ത്തൊടാന്‍ ഭാഗവതം തന്നെ കൈയിലെടുക്കണം എന്ന് പിന്നീട് അക്കിത്തത്തിനു തോന്നിയത്. ഭാഗവത പരിഭാഷയില്‍ അക്കിത്തം ഇങ്ങനെ കുറിക്കുന്നു: 'ഞാനെന്നൊരാള്‍ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നല്‍ മാത്രം.' ![]() ദൈ്വപായനന്‍ വിരഹകാതരനായ് വിളിച്ചു 'ഹേ പുത്ര' 'ശാഖികളതേറ്റുപറഞ്ഞതാര്‍ക്കാ- യാസര്‍വ ഭൂത ഹൃദയന്നു നമസ്‌കരിപ്പേന്‍' ഒന്നിപ്പിക്കുന്ന ഈ എല്ലാ ചരാചരങ്ങളേയും ഒരു പ്രേമഭാവത്തില്‍ ഒന്നിപ്പിക്കുന്ന ഈ സര്‍വഭൂതഹൃദയത്വമാണ് അക്കിത്തം കവിതകളിലെ സ്‌നേഹദര്‍ശനങ്ങളുടെ മുഴുവന്‍ കാതല്‍. 'നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാല്‍ ഇതാണഴ, കിതേ സത്യം ഇതുശീലിക്കല്‍ ധര്‍മവും' എന്ന ലോകത്തിലെ ഏറ്റവും ഉന്നതമായ ഒരു സ്‌നേഹഭാഷണം അക്കിത്തം ഉച്ചരിക്കാനിടവന്നതും അതുകൊണ്ടാണ്. 'സര്‍വചരാചര മംഗള പ്രാര്‍ഥന ഗര്‍വമാണെങ്കിലതാണു ഞാന്‍ സ്‌നേഹമേ' എന്നു തന്റെ ഗര്‍വത്തെപ്പോലും അക്കിത്തം സ്‌നേഹമാക്കുന്നു. 'അറിവിന്റെ പര്യായമീപ്രപഞ്ചത്തില്‍ ഒരുവാക്കുമാത്രമതുതാന്‍ വിനയം' എന്ന വിധത്തില്‍ എല്ലാ അര്‍ഥശാസ്ത്രങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും മീതെ എല്ലാമറിഞ്ഞ വിനയത്തിന്റെ ചിരിക്കുന്ന കണ്ണുനീര്‍ പ്രതിഷ്ഠിച്ച കവിയാണ് അക്കിത്തം. സ്വയം പിന്‍വലിച്ച മനസ്സിന് കണ്ണുനീരും ചിരിയും ഒന്നാണ്. 'അസയേ ഇദം ന മമ' എന്ന്, ലൗകികനിഷ്ഠമായതെല്ലാം പ്രപഞ്ചത്തിലെ പൂര്‍ണ ശുദ്ധീകരണശക്തിക്ക് സമര്‍പ്പിച്ച മനസ്സിന്റെ വിനയമാണത്. പഞ്ചഭൂതങ്ങളില്‍ അഗ്‌നി മാത്രമേയുള്ളൂ എല്ലാ മാലിന്യങ്ങളും വിഴുങ്ങിയാലും സ്വയം മലിനമാവാതെ ബാക്കിയാവുന്ന ഒരേയൊരു പരിശുദ്ധി. അതിനാല്‍ വാക്കിനെ അഗ്‌നിശുദ്ധമാക്കുന്നു കവി. ഭാരതീയര്‍ അഗ്‌നിയെ നേടിയത് അരണി കടഞ്ഞു കടഞ്ഞു തപസ്സുചെയ്താണ്. ഗ്രീക്കു പുരാവൃത്തങ്ങളില്‍ പ്രൊമിത്യൂസ് സ്വര്‍ഗത്തില്‍ നിന്നു മോഷ്ടിച്ചാണ് അഗ്‌നി മനുഷ്യവംശത്തിന് നേടിക്കൊടുത്തത്. ഭാരതീയര്‍ ഒന്നും മോഷ്ടിച്ചെടുത്തതല്ല, പിടിച്ചുപറിച്ചവരുമല്ല. ഭഗീരഥന്‍ സ്വര്‍ഗ ഗംഗയെ നേടാന്‍ തപസ്സുചെയ്തതാണ് നമ്മുടെ പുരാവൃത്തം. തപസ്സുചെയ്തു നേടിയ അത്രയും എല്ലാവര്‍ക്കുമായി സമര്‍പ്പിച്ച, ''ഒന്നും എന്റേതല്ലെ''ന്നറിഞ്ഞ വിനയപൂര്‍ണമായ ഈ ചിരാര്‍ജിത വിവേകമാണ് അക്കിത്തത്തെ ഋഷികവിയാക്കുന്നത്. 'പരമദുഃഖം' എന്നപേരില്‍ അക്കിത്തത്തിന്റെ ഒരു കവിതയുണ്ട്. 'പരമാനന്ദം' എന്ന പേരില്‍ മറ്റൊരു കവിതയുമുണ്ട്. രണ്ടിന്റെയും ദര്‍ശനം ഒന്നാണ്. ദുഃഖങ്ങളില്‍ നിര്‍ദ്വന്ദ്വമായ മനസ്സിനു മാത്രമേ ദുഃഖവും ദുഃഖകാരണവും ദുഃഖമുക്തിയും ഏകസത്യത്തിലലിഞ്ഞ ത്രിത്വമാണെന്നറിയാനാവൂ. അതിലൊരു ചിരിയുണ്ട്. അത് വ്യാസന്റെ ചിരിയാണ്. പരിപൂര്‍ണപ്രേമത്തിലലിഞ്ഞു നില്‍ക്കുന്ന കൃഷ്ണാവതാര രഹസ്യമറിഞ്ഞ ഭാഗവതഭാവമാണ്. അതിനാല്‍, 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീമഹാക്ഷേത്രവും മക്കളേ' എന്നു വിനീതനാവുമ്പോഴും കവിക്കറിയാം; 'ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ- നിര്‍ഭരനായൊരാ,ളെന്റെയായെന്റെയായ്!' ഇതൊരു വിശിഷ്ടാദൈ്വതമാണ്. ഞാനും ഈശനും ഒന്നെന്നറിഞ്ഞ സര്‍വ ഭൂതഹൃദയത്വം, വര്‍ഷങ്ങള്‍ക്കുമുമ്പ് നെല്ലുവായ് ധന്വന്തരീക്ഷേത്ര മതിലില്‍ കുറിച്ചിടപ്പെട്ട അക്കിത്തത്തിന്റെ വരികള്‍ തന്നെ സത്യം: 'നാരായണപ്രഭുവല്ലാതില്ലാശ്രയം നാവുള്ള മാനുഷര്‍ക്കെല്ലാം നാരായണ പ്രഭുവിന്നുമില്ലാശ്രയം നാവുള്ള നമ്മളല്ലാതെ' |
മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ ത്വാം ദേവി! സന്തതമഹം പരിപൂജയാമി ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി! കുസുമാനി ച തേഽർപ്പയാമി. വിദ്യാര്‍ത്ഥികള്‍ക്കു് പ്രയോജനപ്പെടുന്ന കുറെ അറിവുകള്‍ വിവിധ ബ്ലോഗുകളില്‍ നിന്നു് ശേഖരിച്ചതാണു്.ഗൂഗി വാ തി ഓംഗോ,യൂ റി നഗിബേല് തുടങ്ങിയവരെക്കുറിച്ചു് ക്ലാസ്സെടുക്കുവാന്‍ റഫര്‍ ചെയ്തതു് പിന്നീടും ഉപകരിക്കുമെന്നു തോന്നി.കൂടെ ഹരിശ്രീയിലും വീദ്യാരംഗത്തിലും ചേര്‍ത്ത കുറെ സ്വന്തംപോസ്റ്റുകളും...
2012, ജൂൺ 18, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ