|
||
രാജകുമാരി ദരിദ്രനായ ഇടയഗായകനെ പ്രണയിച്ച
കഥപോലെയായിരുന്നു മിംലു സെന്‍ പബന്‍ദാസ് ബാവുലിന്റെ സ്വരംകേട്ടു മോഹിച്ചത്.
പാട്ടും പ്രണയവുമായി അവര്‍ പിന്നീട് ബംഗാളിന്റെ ഗ്രാമങ്ങളിലൂടെ അലഞ്ഞു,
ബാവുല്‍ മേളകളിലെ സംഗീതത്തിലും ലഹരിയിലും മുങ്ങിനിവര്‍ന്നു, സ്വയം
ദരിദ്രരായി... സംഗീതത്താല്‍ സമ്പന്നരായി...
![]() ശാന്തിനികേതനിലേക്കുള്ള യാത്രകള്‍ക്കെല്ലാം എപ്പോഴും ഒരു ഒളിച്ചോട്ടത്തിന്റെ ഛായ ഉണ്ടായിരുന്നു. കൊല്‍ക്കത്തയുടെയും ഹൗറയുടെയും ബഹുവിധ ബഹളങ്ങളില്‍ നിന്നും ആള്‍ക്കൂട്ടത്തിന്റെ അടങ്ങാത്ത അലമാലകളില്‍ നിന്നും കുതറി ഒരു തപോവാടത്തിന്റെ പ്രശാന്തതയിലേക്കുള്ള രക്ഷപ്പെടല്‍. മഴയിലും മഞ്ഞിലും മഞ്ഞപ്പൂക്കള്‍ ചിരിക്കുന്ന വസന്തത്തിലും ചുടുകാറ്റില്‍ സാലവൃക്ഷങ്ങളുടെ ഇലകള്‍ കരിഞ്ഞുപാറുന്ന വേനലിലും ഇവിടെയെത്തിയിട്ടുണ്ട്. ഇണങ്ങിയും ഇഴപിരിഞ്ഞും കിടക്കുന്ന ലളിതമായ വഴികളിലൂടെ നടക്കുമ്പോള്‍ വളവുതിരിഞ്ഞ് പെട്ടെന്ന് അമര്‍ത്യാസെന്‍ മുന്നില്‍ വന്നുവെന്നുവരാം; ബംഗ്ലാ ചാരായത്തിന്റെ മണവുമായി ഒരു സന്താള്‍ വംശജന്‍, ചിത്രകലാ ചര്‍ച്ചകളുമായി ഒരുസംഘം യുവാക്കളും യുവതികളും, ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഗവേഷകര്‍, കണ്ഠം നിറയെ പാട്ടും കൈയില്‍ എക്താര(1)യുമായി കാറ്റില്‍ അഴിച്ചുവിട്ട പട്ടംപോലെ ബാവുല്‍ ഗായകര്‍, പലപല പണ്ഡിതര്‍, തത്ത്വചിന്തകര്‍, നര്‍ത്തകര്‍, നട്ടുവര്‍... ദേവകവിയുടെ ഈ അങ്കണത്തില്‍ എല്ലാവരും തുല്യര്‍. എല്ലാറ്റിനും ആധാരമായി രബീന്ദ്രസംഗീതം, പ്രകൃതിയുടെ താളം. ഇത്തവണ നട്ടുച്ചയ്ക്കാണെത്തിയത്. 'സുബര്‍ണ രേഖ' എന്ന പുസ്തകശാലയില്‍ കവിതയും ഗാനങ്ങളും പരതി നില്‍ക്കവേ, നട്ടുച്ച മുറിച്ചുകടന്ന് അവര്‍ വന്നു. കാവി ജുബ്ബയും പൈജാമയുമണിഞ്ഞ്, വട്ടക്കണ്ണടവെച്ച്, നരച്ച് ചുരുണ്ട മുടിയുള്ള പുരുഷനും അയാളുടെ തോളറ്റം വരെ ഉയരമില്ലാത്ത സ്ത്രീയും. കേട്ട പാട്ടുകള്‍ കെടാതെ ഉള്ളിലുണ്ടായിരുന്നതുകൊണ്ട് ചോദിച്ചു: ''പബന്‍ദാസ് ബാവുലും മിംലുസെന്നുമല്ലേ?'' ചോദ്യംകേട്ട് അവര്‍ മന്ദഹസിച്ചു, ഒന്നമ്പരന്നുകൊണ്ട് പറഞ്ഞു: ''അതെ''. പരിചയ വാക്കുകള്‍ പറഞ്ഞ് പിരിയും മുമ്പ് അവര്‍ വൈകുന്നേരം വീട്ടിലേക്ക് ക്ഷണിച്ചു. പാട്ടുകേട്ട് ഒരു സായാഹ്നം പങ്കിടാന്‍. ആളുയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാശപ്പുല്ലുകള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന പൊടിമണ്‍ പാതയുടെ അങ്ങേയറ്റത്തായിരുന്നു ലോഹര്‍ഹാട്ട് ഗ്രാമം. അവിടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ വീടിന് മുന്നില്‍ അവര്‍ കാത്തുനിന്നിരുന്നു. സാലവൃക്ഷങ്ങള്‍ക്കപ്പുറം സന്ധ്യയുടെ അവസാന വെളിച്ചത്തുള്ളിയും വാര്‍ന്നുപോയി. പുറത്ത് നേരിയ നിലാവിന്റെ തിരിവെട്ടം. വൈദ്യുതി പ്രകാശമില്ലാത്തതുകൊണ്ട്, ദൂരെ മങ്ങിയ വെളിച്ചത്തില്‍ കാശപ്പുല്ലുകള്‍ കാറ്റിലുലയുന്നത് കാണാം. മണ്ണ് മെഴുകിയ നിലത്ത് വിരിച്ചപായയില്‍ ഇരുന്ന് കാപ്പി പകരുമ്പോള്‍ മിംലു പറഞ്ഞു: ''ഞങ്ങള്‍ക്ക് പാട്ടും ജീവിതവും വേറെയല്ല.'' കുലീന കുടുംബാധിപതിയായ അച്ഛന്റെയും അതിശാന്തയായ അമ്മയുടെയും മകളായി ഷില്ലോങ്ങില്‍ ജനിച്ച മിംലു കുട്ടിക്കാലത്തേ കാരണമറിയാത്ത അസ്വസ്ഥതകളാല്‍ ആകുലയായിരുന്നു. തന്റെയുള്ളില്‍പ്പാറുന്നത് മിന്നാമിന്നികളല്ല ഉലയില്‍ നിന്നും തെറിച്ച തീപ്പൊരികളാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍, പതിനെട്ടാം വയസ്സില്‍ ആരോടും പിണങ്ങാതെ അവള്‍ വീട് വിട്ടു. അലഞ്ഞെത്തിയത് സാഹിത്യവും രാഷ്ട്രീയവും സമരങ്ങളും സംഗീതവും നിറഞ്ഞ കൊല്‍ക്കത്തയില്‍. പ്രസിഡന്‍സി കോളേജില്‍ പഠനം തുടങ്ങിയെങ്കിലും പാതിയെത്തും മുമ്പ് ഉപേക്ഷിച്ചു. ക്ഷാമവും വരള്‍ച്ചയും പടര്‍ന്ന ബുദ്ധഗയയിലേക്കു പോയി. ബോധോദയത്തിന്റെ മണ്ണില്‍ മനുഷ്യര്‍ മരിച്ചുവീഴുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവളും പങ്കാളിയായി. ![]() 1970-ല്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോഴേയ്ക്കും നക്‌സല്‍ബാരിയില്‍ നിന്നും ചാരു മജുംദാറിന്റെയും കനുസന്യാലിന്റെയും അസിംചാറ്റര്‍ജിയുടെയും പട പുറപ്പെട്ടിരുന്നു. സ്വപ്നങ്ങളില്‍ ചുകപ്പന്‍ വസന്തം മാത്രം. ആ ആവേശവും പ്രവര്‍ത്തനങ്ങളും മിംലുവിനെ എത്തിച്ചത് പ്രസിഡന്‍സി ജയിലില്‍. അവിടെ അവള്‍ ആദ്യമായി ബാവുല്‍ സംഗീതം കേട്ടു. ചുവരുകള്‍ക്കപ്പുറം ആരോ പാടുന്നു: ''ഓ! ഹരി, പകല്‍ കടന്നുപോയി, സന്ധ്യയായി നീയെന്നെ കടവിന് മറുകരയെത്തിക്കുക അവര്‍ പറയുന്നു നീയാണ് എന്റെ കടത്തുകാരന്‍ എന്ന്, അതുകൊണ്ട് ഞാന്‍ നിന്നെ വിളിക്കുന്നു. എനിക്കുശേഷം കടവില്‍ വന്നവരെല്ലാം എന്നെ പിറകിലുപേക്ഷിച്ച് മറുകരയെത്തി. അവരുടെ കൈയില്‍ കടത്തുകൂലി ഉണ്ടായിരുന്നു: അവരുടെ സാധന, അതുകൊണ്ട് അവര്‍ക്ക് കടവ് കടക്കാനായി. പക്ഷേ, ഞാനോ ചില്ലിക്കാശില്ലാത്ത കീറിയ തോള്‍ ഭാണ്ഡവുമായി വലയുന്ന യാചകന്‍. ദൈവനാമം മാത്രമാണ് എന്റെ കൈവശമുള്ള കടത്തുകൂലി. ഫക്കീര്‍ ഇപ്പോള്‍ കണ്ണീര്‍ക്കടലില്‍ ഒഴുകുകയാണ്. പിന്നീട് ഒരു വര്‍ഷത്തെ പരോളില്‍ പലവട്ടം അവള്‍ ഗ്രാമങ്ങളിലും തെരുവുകളിലും ഏതൊക്കെയോ ബാവുല്‍ ഗായകര്‍ പാടുന്നതുകേട്ടു. ആ പാട്ടുകള്‍ തന്റെയുള്ളില്‍ ഉഴറിനടക്കുന്നതുപോലെ അവള്‍ക്കു തോന്നി. വീണ്ടും പാരീസിലെത്തുമ്പോള്‍ മിംലുവിനെക്കാത്ത് ഒരു കൂട്ടുകാരനുണ്ടായിരുന്നു: ടെറായി. ആ സ്‌നേഹത്തില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു: കൃഷ്ണയും ദുനിയയും. പാരീസിന്റെ വഴികളിലൂടെ ജീവിതം അതിവേഗം പാഞ്ഞുപോകുമ്പോഴാണ് ഇന്ത്യയില്‍ നിന്നും ഒരു പാട്ടുസംഘം എത്തുന്നത്. അതില്‍ പബന്‍ദാസ് ബാവുല്‍ എന്ന പയ്യനുമുണ്ടായിരുന്നു. പാരീസിന്റെ രാത്രികളില്‍ നിറഞ്ഞ് അവന്‍ പാടിയപ്പോള്‍ മിംലുവിന്റെ മനസ്സില്‍ ബംഗാളി ഗ്രാമങ്ങളും വയലുകളും മുളങ്കാടുകളും ഏകാന്തമായ പൊടിമണ്‍ വഴികളും പ്രത്യക്ഷമായി. ആ സ്വരത്തില്‍ അവള്‍ മൂര്‍ച്ഛിച്ചുവീണു. പബന്‍ദാസിനെ മിംലു സ്വീകരിക്കുകയല്ലായിരുന്നു. അവന്റെ ബാവുല്‍ ജീവിതത്തിലേക്ക് അവള്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നു. താന്‍ ലോകം ചുറ്റുമ്പോഴും ചെഗുവേരയില്‍ ആവേശിച്ച് ജയിലില്‍ കിടക്കുമ്പോഴുമെല്ലാം പബന്‍ദാസ് ദുര്‍ഗാപുരിലെ ദരിദ്രമായ വഴികളിലൂടെ പാട്ടുപാടി അലയുകയായിരുന്നു, ഏതൊരു ബാവുല്‍ ഗായകനെയും പോലെ. വിശക്കുമ്പോള്‍ വയല്‍വരമ്പിലെ മാളത്തില്‍ നിന്നും എലികളെ പിടിച്ച് ചുട്ടുതിന്നു. വെട്ടുകിളികളെ വേവിച്ച് കഴിച്ചു. ബസ്സുകളിലും തീവണ്ടികളിലും അപാരതയുടെയും അന്തര്യാമിയായ ഈശ്വരന്റെയും പാട്ടുകള്‍ പാടി. പട്ടിണി കിടന്ന് ശോഷിച്ച ആ ശരീരത്തില്‍, കണ്ഠം മാത്രം മഴവില്ലുകള്‍ കൊണ്ട് നിറഞ്ഞു. ഒരു ബാവുല്‍ ഗായകനൊത്ത് ജീവിക്കാന്‍ തീരുമാനിക്കുക എന്നാല്‍ ജീവിതത്തിലെ അവസാനത്തെ ചരട് ബന്ധനവും അറുത്തുകളയുക എന്നാണ്. മേല്‍ക്കൂരകളും മതിലുകളും പൊളിച്ചുകളയുക. മടിശ്ശീലകളും സമ്പാദ്യങ്ങളും ഉപേക്ഷിക്കുക. ആകാശത്തിനു ചുവടെ, അനന്തമായ പാരിടത്തിലൂടെ പാടി അലയുക. അച്ഛന്റെ എതിര്‍പ്പുകള്‍ ഫലിച്ചില്ല. പബന്‍ദാസിന്റെ സ്വരം ഒരു ചുഴലിക്കാറ്റ് പോലെ മിംലുവിന്റെ ചുവടുകളെ പറിച്ചെടുത്തു. പബന്റെ പ്രിയപ്പെട്ട ഖേപി(2)യായി അവള്‍, പാതയിലെ പാട്ടുകാരായി അവര്‍. ദരിദ്രമായ അലച്ചിലുകളുടെ വര്‍ഷങ്ങളായിരുന്നു പിന്നീടുള്ളവ. ബസ്സിന്റെ മുകളിലും തീവണ്ടിയിലും കാല്‍നടയായും അവര്‍ ലക്ഷ്യമില്ലാതെ അലഞ്ഞു. വഴിയോരത്തെ മരത്തില്‍ക്കെട്ടിയ തുണിത്തൊട്ടിലില്‍ കുഞ്ഞുങ്ങളെ കിടത്തിയുറക്കി മധുകരി(3)ക്കായി വീടുകള്‍ കയറിയിറങ്ങി. ലക്ഷക്കണക്കിന് മനുഷ്യര്‍ വന്നുചേരുന്ന ബാവുല്‍ മേളകളില്‍ച്ചെന്ന് പാടി, ആടി. കെന്ദുളി, നബസാന, അഗ്രോദ്വീപ്, ബോറാല്‍, ദത്താബാബര്‍... പാട്ടുകള്‍ മാത്രം നിറഞ്ഞ പാതകള്‍, പകലുകള്‍, രാവുകള്‍. ജയദേവകവിയുടെ ജന്മസ്ഥലമായ കെന്ദുളിയിലെ അജോയ് നദിയുടെ നിലാവുപരന്ന മണല്‍ത്തിട്ടയില്‍ അവര്‍ ഇണചേര്‍ന്നു കിടന്നു. പാട്ടിനൊപ്പം അതിഗൂഢമായ താന്ത്രികലോകവും സ്വായത്തമായ ബാവുല്‍ ഗുരുക്കന്മാരെക്കണ്ടു: സുബാല്‍ ദാസ്ബാവുല്‍, ബാബ പഗ്‌ല, ഗൗരിമാ, ഹരിഘോഷാന്‍... രതി മുതല്‍ മൃതി വരെയുള്ള ലോകങ്ങള്‍ അവര്‍ തുറന്നിട്ടു. നാഗരികത്വത്തിന്റെ അവസാന ആടയും അഴിഞ്ഞുവീണു. ഷില്ലോങ്ങില്‍ പിറന്ന മിംലു അവരിലൊരാളായി, നാടോടിപ്പാട്ടുകാരിയായി. പബന്‍ദാസ് പരുക്കനായിരുന്നു. ചെത്തി മിനുക്കാത്ത രത്‌നംപോലെ പലപ്പോഴും അവന്‍ ഉന്മാദിയെപ്പോലെ മറ്റേതോ ലോകങ്ങളിലെത്തും. ഭാഷയ്ക്കും അറിവിനും അപ്പുറത്തായിരുന്നു എഴുത്തും വായനയും അറിയാത്ത അവന്റെ വിചാരങ്ങളും യുക്തികളും. പലപ്പോഴും അവര്‍ പാട്ടുനിര്‍ത്തി കലഹിച്ചു. എന്നാല്‍, പെട്ടെന്ന് പബന്‍ദാസ് പാട്ട് തുടങ്ങുമ്പോള്‍ മിംലു കരഞ്ഞുപോകും. പാടിപ്പാടി പാട്ട് മാത്രമായി പബന്‍ ജ്വലിക്കും; ഒരു മഴത്തുള്ളിപോലെ മിംലുവിന്റെ മൂര്‍ധാവില്‍ പതിക്കും. അപ്പോള്‍ തന്നെ ചുറ്റിനിന്ന ദാരിദ്ര്യം അവള്‍ മറക്കും. പബന്‍ വീട്ടില്‍ വരുന്നത് അഭിജാതനായ അച്ഛന് ഇഷ്ടമില്ലായിരുന്നു. അവന്റെ പെരുമാറ്റങ്ങള്‍ ഒരു കുലീന കുടുംബത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് പുറത്തായിരുന്നു. പക്ഷേ, പബന്‍ പാടുമ്പോള്‍ വീട് മുഴുവന്‍ വിശ്രാന്തിയിലാവും. ![]() മിംലു ജീവിതം പറഞ്ഞുതരുമ്പോള്‍ മുഴുവന്‍ പബന്‍ദാസ് മിണ്ടാതിരിക്കുകയായിരുന്നു. ഭാഷയല്ലല്ലോ അയാളുടെ മാര്‍ഗം. പുറത്ത് നിലാവ് പൂര്‍ണമായും പരന്നിരുന്നു. പബന്‍ ചോദിച്ചു: ''നമുക്ക് മുറ്റത്തേക്കിരുന്നാലോ?'' അയാളുടെ ഉള്ളില്‍ പഴയ വഴികളും പരശ്ശതം മേളകളും പുനര്‍ജനിക്കുകയായിരുന്നു. സ്വതന്ത്രനായി പാടി നീന്തിയ രാത്രികളും കുടിച്ചുതീര്‍ത്ത നിലാവുകളും നിറയുകയായിരുന്നു. തിളങ്ങുന്ന പൊതിയില്‍ നിന്നും ഒരുനുള്ള് കഞ്ചാവെടുത്ത് അയാള്‍ ബീഡിയില്‍ നിറച്ചു. പാതിപുക മിംലുവിന് കൊടുത്തു. കഞ്ചാവ് ബാവുല്‍ ഗായകര്‍ക്ക് ഒളിഞ്ഞുവലിക്കേണ്ട ലഹരിയല്ല. 'ബാവുല്‍ ഡ്രഗ്' ആണ്. ആ പുകയില്‍ ഭൂമിയുമായുള്ള അവന്റെ അവസാന ചരടും മുറിയുന്നു. പത്മംപോലെ വിടര്‍ന്ന പൗര്‍ണമിക്കു താഴെയിരുന്ന് പബന്‍ പാടിത്തുടങ്ങി: ''പ്രിയപ്പെട്ട കടത്തുകാരാ, ഈ നദിയുടെ തുടക്കമോ ഒടുക്കമോ എനിക്ക് കണ്ടെത്താനാവുന്നില്ല... ഗൗരാംഗന്റെ(4) ഭംഗിയില്‍ എനിക്ക് ഭ്രാന്ത് പിടിക്കുന്നു, മരുന്നുകള്‍ എന്നില്‍ ഫലിക്കുന്നില്ല, വരൂ സുഹൃത്തേ, നമുക്ക് നദിയിലേക്കു പോകാം.'' കാശപ്പുല്ലുകളുെട കാടുകള്‍ കടന്ന് നിലാവിലൂടെ പബന്റെ പാട്ട് പ്രവഹിച്ചു. അത് ആകാശത്തിലും ഭൂമിയിലും നിറഞ്ഞു. മിംലു അടുത്തിരുന്ന് കൈത്താളം കൊട്ടി. ഞങ്ങള്‍ അടുത്തിരിക്കുന്നത് പബന്‍ദാസ് അറിയുന്നേയില്ല, അയാള്‍ സ്വയം പാട്ടായി ഒഴുകുകയാണ്. ഒരു രാവിന്റെ പാതിയിലധികവും പാടിത്തോര്‍ന്നു. ബാവുല്‍ ഗായകനും ഖേപിയും മന്ദഹസിച്ചുകൊണ്ട് മുന്നിലിരുന്നു. കാറ്റ് പോലും നിലച്ചിരുന്നു. പബനും മിംലുവും അപ്പോള്‍ രണ്ടുപേര്‍ അല്ലായിരുന്നു. ഒന്നായിരുന്നു. പാട്ടിന്റെ പട്ടുചരടില്‍ കോര്‍ത്ത മാലപോലെ. നിലാവ് ചാഞ്ഞുതുടങ്ങിയപ്പോള്‍ പബന്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു പാട്ട് കൂടി പാടി. അതില്‍ രണ്ടു ലോകങ്ങളില്‍ നിന്നു വന്ന് അതി വിചിത്രമായി യോജിച്ച അവരുടെ ജീവിതം മുഴുവനുമുണ്ടായിരുന്നു. അദൃശ്യനായ ശക്തിയുടെ കൈയിലെ പാവകളാണ് നമ്മള്‍, കാണാത്ത ചരടുകള്‍ കൊണ്ട് അവന്‍ നമ്മെ കൂട്ടിച്ചേര്‍ക്കുന്നു, അവന്‍ ചരടനക്കുമ്പോള്‍, നാം മൃതിയില്‍ നിന്നും ഉയിര്‍ത്തെഴുനേല്‍ക്കുന്നു, ഒന്നിച്ച് നൃത്തം ചെയ്യുന്നു, അവന്റെ സന്തോഷത്തിനുവേണ്ടി. (1). ബാവുല്‍ ഗായകര്‍ ഉപയോഗിക്കുന്ന ഒറ്റത്തന്ത്രിയുള്ള സംഗീതോപകരണം (2). ബാവുല്‍ ഗായകന്റെ ഇണ. ഗായകന്‍ ഖേപ എന്നറിയപ്പെടുന്നു (3). അന്നന്നത്തെ ആഹാരത്തിനുവേണ്ടിയുള്ളവ പാടിയലഞ്ഞ് ഭിക്ഷാടനത്തിലൂടെ ശേഖരിക്കുന്ന സമ്പ്രദായം (4). ചൈതന്യ മഹാപ്രഭു
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ നിന്നു്...
|
മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ ത്വാം ദേവി! സന്തതമഹം പരിപൂജയാമി ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി! കുസുമാനി ച തേഽർപ്പയാമി. വിദ്യാര്‍ത്ഥികള്‍ക്കു് പ്രയോജനപ്പെടുന്ന കുറെ അറിവുകള്‍ വിവിധ ബ്ലോഗുകളില്‍ നിന്നു് ശേഖരിച്ചതാണു്.ഗൂഗി വാ തി ഓംഗോ,യൂ റി നഗിബേല് തുടങ്ങിയവരെക്കുറിച്ചു് ക്ലാസ്സെടുക്കുവാന്‍ റഫര്‍ ചെയ്തതു് പിന്നീടും ഉപകരിക്കുമെന്നു തോന്നി.കൂടെ ഹരിശ്രീയിലും വീദ്യാരംഗത്തിലും ചേര്‍ത്ത കുറെ സ്വന്തംപോസ്റ്റുകളും...
2012, ജൂൺ 18, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ