നാല് പതിറ്റാണ്ടിലേറെക്കാലമായി മലയാളകവിതയില്‍
സ്വയം നവീകരിച്ചെഴുതുന്ന കവിയാണ് സച്ചിദാനന്ദന്‍ . കാലവഴികളില്‍ കവിതയുടെ
മൂന്നാംകണ്ണുമായി എഴുതിക്കൊണ്ടിരിക്കുന്ന സച്ചിദാനന്ദന്റെ മാതൃഭൂമി ബുക്‌സ്
പ്രസിദ്ധപ്പെടുത്തിയ എന്റെ കവിത എന്ന കാവ്യസമാഹാരത്തിലെ ചില കവിതകള്‍ .
![]() മഷിക്കുപ്പിയും കൂണും ഇടിവെട്ടിയ ഒരു ദിവസമാണ് മഷിക്കുപ്പി കൂണിനെ കണ്ടുമുട്ടിയത്. വിറച്ചുനില്ക്കുന്ന കൂണിനോട് മഷിക്കുപ്പി ചോദിച്ചു: 'നീയെങ്ങനെ ഇത്ര വെളുത്തതായി?' കൂണു പറഞ്ഞു: 'ഞാന്‍ സ്വര്‍ഗ്ഗത്തിലെ ഒരു മാലാഖയായിരുന്നു. ദൈവത്തെ ചോദ്യംചെയ്തതുകൊണ്ട് ശാപമേറ്റു കരിഞ്ഞ് കറുത്ത ഒരു കൊച്ചുവിത്തായി ഞാനീ ഭൂമിയില്‍ നിപതിച്ചു. മഴവില്ലു കണ്ടപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ ഓര്‍മയില്‍ ഞാന്‍ മുളച്ചു, എന്റെ ചിറകുകള്‍ ഈ വെളുത്ത കുടയായി വിടര്‍ന്നു. ആട്ടെ, നീയെങ്ങനെ ഇങ്ങനെ കറുത്തുവെന്നു പറഞ്ഞില്ലല്ലോ? മഷിക്കുപ്പി പറഞ്ഞു: 'ഭൂമിയിലെ അമ്മമാരുടെ തലമുറകളുടെ കണ്ണീരാണ് ഞാന്‍. വേദനയുടെ നൃത്തത്തില്‍ വാടിയ അവരുടെ ഹൃദയത്തില്‍നിന്നു വരുന്നതുകൊണ്ടാണ് എനിക്കീ കറുപ്പ്. കടലാസ്സില്‍ അക്ഷരരൂപങ്ങളില്‍ വാര്‍ന്നു വീഴുകയാണെന്റെ പണി. മനുഷ്യരുടെ ബീജഗണിതംമുതല്‍ മഹാകാവ്യംവരെ എല്ലാറ്റിലും എന്റെ ഇരുണ്ട സമസ്യകള്‍ മരണത്തിന്റെ നിഴല്‍ വീഴ്ത്തുന്നു. ഞാന്‍ കറുത്തിരിക്കുന്നതും നീ വെളുത്തിരിക്കുന്നതും ഒരേ കാരണംകൊണ്ടുതന്നെ.' പറഞ്ഞു നിര്‍ത്തിയ ഉടന്‍ മഷിക്കുപ്പി കൂണിന്മേലേക്ക് ചെരിഞ്ഞു. അതോടെ എങ്ങും രാത്രിയായി. വെള്ളംകോരിയും വിറകുവെട്ടിയും 1 കരയുന്ന കപ്പി ഒഴിഞ്ഞ വെള്ളത്തൊട്ടിയെ ആഴത്തിലേക്കു പറഞ്ഞയയ്ക്കുന്നു. തൊട്ടി ഒന്നു കുണുങ്ങി ചിറകടിച്ച് പൊന്മയെപ്പോലെ വെള്ളത്തില്‍ ഒന്നു താണുയരുന്നു. വെള്ളം ഇക്കിളികൊണ്ടു പൊട്ടിച്ചിരിക്കുന്നു. പിടയ്ക്കുന്ന ആ വെള്ളിച്ചിരി കൊക്കിലേറ്റി ഉയരുന്ന തൊട്ടിയിലുണ്ട് ജലത്തിലലിയാത്ത ഒരു സൂര്യശകലം വന്‍ വിപിനങ്ങള്‍ സ്വപ്നം കാണുന്ന കിണറ്റുപന്നയുടെ പച്ചില സമുദ്രവിസ്തൃതിയില്‍ വിരിയാന്‍ കൊതിക്കുന്ന കൂപമണ്ഡൂകത്തിന്റെ മുട്ട ഇരുളില്‍ തളയ്ക്കപ്പെട്ട ഈനാംപേച്ചിയുടെ വെളിച്ചത്തിലേക്കുള്ള തുറുനോട്ടം പന്തയം ജയിക്കുന്ന ആമയുടെ ജാഗ്രത പോയ വേനലിന്റെ വരള്‍ച്ച വരുന്ന ഇടവപ്പാതിയുടെ മുരള്‍ച്ച ഭൂമിയുടെ സ്‌നിഗ്‌ദ്ധോര്‍വ്വരമായ ആഴം. ഈ കയര്‍ ജീവിതത്തില്‍നിന്നു മരണത്തിലേക്കും മരണത്തില്‍നിന്നു ജീവിതത്തിലേക്കും നീളുന്നു വെള്ളം കോരുന്നവള്‍ രണ്ടുകുറി വിയര്‍ക്കുന്നു മരണംകൊണ്ടും ജീവിതംകൊണ്ടും. 2 വിറകുവെട്ടി പക്ഷേ, സഞ്ചരിക്കുന്നത് വലത്തുനിന്നിടത്തോട്ടാണ് മഴുവിന്റെ ദയാരഹിതമായ ഇരുമ്പ് മാവിന്റെ വൃദ്ധമാംസം പിളരുന്നു മഴുവിന്നറിയില്ല. മാമ്പൂവിന്റെ മണം വിറകുവെട്ടിയുടെ കിനാവിലോ നിറച്ചും മാമ്പഴക്കാലങ്ങള്‍ അവയുടെ ആവേശത്തിലാണവന്‍ കിതയ്ക്കുന്നത്. ചിതയിലെരിയാന്‍ വിറകും കാത്തിരിക്കുന്നവന്റെ ഓര്‍മയിലുമുണ്ട് ഏറെ മാമ്പഴക്കാലങ്ങള്‍. കീറിമുറിക്കപ്പെടുന്ന ഈ മാവിന്‍തോലില്‍ മുഴുവന്‍ അണ്ണാന്‍കാലുകളുടെ നിഗൂഢചിഹ്നങ്ങളാണ്; അകം മുഴുവന്‍ കണ്ണിമാങ്ങയ്ക്കായുള്ള കുട്ടികളുടെ കലമ്പല്‍. ചിതയില്‍ എല്ലാമൊന്നിച്ചു കത്തിയെരിയുന്നു. പുളിയും മധുരവും ചിരിയും ചിലയ്ക്കലുംകൊണ്ട് കാറ്റിനേയും തീയിനേയും മത്തുപിടിപ്പിച്ചുകൊണ്ട് ചിത കത്തുന്ന മണം ജീവജാലങ്ങളുടെ മുഴുവന്‍ ഓര്‍മകളിലെ മാമ്പഴക്കാലങ്ങള്‍ ഒന്നിച്ചു കത്തിയമരുന്നതിന്റേതാണ്. അതുകൊണ്ടാണ് ചിത കത്തുമ്പോള്‍ കാക്കകളും കുട്ടികളും ഒന്നിച്ചുറക്കെക്കരയുന്നത്. അമ്മൂമ്മ എന്റെ അമ്മൂമ്മയ്ക്കു കിറുക്കായിരുന്നു കിറുക്കു മൂത്ത് മരണമായി എന്റെ ലുബ്ധനായ അമ്മാമന്‍ അവരെ വയ്‌ക്കോലില്‍ പൊതിഞ്ഞു കലവറയില്‍ സൂക്ഷിച്ചു. പഴുത്തുണങ്ങിയപ്പോള്‍ അമ്മൂമ്മ വിത്തുകളായി പൊട്ടിച്ചിതറി കലവറജനലിലൂടെ പുറത്തുചാടി അതിലൊരു കുരു പടുമുള മുളച്ച് എന്റെ അമ്മയായി വെയിലും മഴയും വന്ന് അമ്മയുടെ കിറുക്കു മുളച്ച് ഞാനും. പിന്നെ ഞാനെങ്ങനെ സ്വര്‍ണ്ണപ്പല്ലുള്ള കുരങ്ങന്മാരെക്കുറിച്ച് കവിതയെഴുതാതിരിക്കും? ഭ്രാന്തന്മാര്‍ ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല. ഭ്രാന്തികള്‍ക്കും. നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല. അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്. അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല., ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ് അവരുടെ സ്‌നേഹം നിലാവാണ് പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു; മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത് നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്. അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത് അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്. ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍ നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും. ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു ചോരയൊലിക്കുന്നതു കാണുന്നു ചിലപ്പോള്‍ തെരുവില്‍നിന്ന് സിംഹങ്ങള്‍ അലറുന്നതു കാണുന്നു. ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍ സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു: ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ. എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത് അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ. അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍ മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ മെരുക്കിയെടുക്കുകയാണ് കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും. ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ് നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം. ഇരുപതു ഞൊടി മതി അവര്‍ക്ക് ക്രിസ്തുവിലെത്താന്‍ ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍. ഒരു പകല്‍കൊണ്ട് അവര്‍ ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ് അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്. ഭ്രാന്തന്മാര്‍ നമ്മെപ്പോലെ ഭ്രാന്തന്മാരല്ല. ആരാണു പറഞ്ഞത് ആരാണു പറഞ്ഞത് പ്രതീക്ഷ വടക്കേ മലബാറിലെ ഒരു റെയില്‍വേസ്റ്റേഷനാണെന്ന്? അവിടെ യൂണിഫോമണിഞ്ഞ ഒരു പുലരി ശവപ്പെട്ടിയില്‍ വന്നിറങ്ങുമെന്ന്? ആരാണു പറഞ്ഞത് ഓര്‍മ, പഴുത്ത നെല്‍വയലുകളിലേയ്ക്കു തുറക്കുന്ന ഒരു സുരഭിലജാലകമാണെന്ന്? അവിടെ വെയില്‍ മങ്ങുമ്പോഴാണ് നമ്മുടെ ശരീരം തണുത്തു തുടങ്ങുന്നതെന്ന്? ആരാണു പറഞ്ഞത് കാറ്റിന്റെ ഭാഷ മരങ്ങള്‍ക്കു മനസ്സിലാകാതായിത്തുടങ്ങിയെന്ന്? സ്‌നേഹത്തിന്റെ മരണം മുയലുകളെയും മുക്കുറ്റികളെയും അറിയിക്കരുതെന്ന്? ആരാണു പറഞ്ഞത് ഇനിയുള്ള ഉച്ചകള്‍ കുടിയന്റെ ശിരസ്സുപോലെ കനമേറിയവയാണെന്ന്? വൈകുന്നേരങ്ങള്‍ ഏകാകിയുടെ മൂളിപ്പാട്ടുപോലെ ഹൃദ്രോഗികളാണെന്ന്? ആരാണു പറഞ്ഞത് കൈക്കുടന്നയില്‍ കുട്ടിക്കാലത്തെ മഴ കോരിയെടുത്ത് നാം പഴുത്ത ഇരുമ്പിലൂടെ നഗ്നപാദരായി ഓടുകയാണെന്ന്? ഒടുവില്‍ അതേ മഴയ്ക്ക് നാം താക്കോല്‍ കൈമാറുമെന്ന്? ആരാണു പറഞ്ഞത് മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് പ്രായം കുറഞ്ഞുവരുമെന്ന്? അവര്‍ മറ്റൊരു കാലത്തിലാണെന്ന്? സൂര്യോദയത്തില്‍ മറഞ്ഞ പക്ഷികളെല്ലാം ലോകാവസാനത്തില്‍ തിരിച്ചുവരുമെന്ന്? ആരാണു പറഞ്ഞത് ആരും ഒന്നും പറയാതെതന്നെ നാം എല്ലാം അറിയുമെന്ന്? അപ്പോഴും നാം ഒന്നും ആരോടും പറയുകയില്ലെന്ന്? ശവപ്പെട്ടിക്കുമേല്‍ മഴ ശവപ്പെട്ടിക്കുമേല്‍ പെയ്ത മഴ ശവത്തെ തന്റെ ഗ്രാമം ഓര്‍മിപ്പിച്ചു പുളിമരത്തിന്‍ കീഴില്‍ പ്രിയപ്പെട്ടവള്‍ പുണരുന്നത് തന്നെയോ അപരനെയോ മരണത്തെയോ എന്നു തിരിച്ചറിയും മുമ്പേ ഒരു വലിയ സൂര്യകാന്തി വിടര്‍ന്നുവന്ന് ആ ആകാരം മറച്ചു ആല്‍മരത്തിലെ തത്തയ്ക്കകത്തുനിന്ന് അമ്പലക്കുളത്തില്‍ കെട്ടിത്താഴ്ത്തപ്പെട്ടവളുടെ ആത്മാവ് സംസാരിക്കാന്‍ തുടങ്ങി. വെള്ളരിവിത്തുകള്‍ മണ്ണിന്നടിയില്‍ കിടന്ന് മേഘങ്ങളുടെ ഭാഷയില്‍ സ്വകാര്യം പറഞ്ഞു. മഴ നിലച്ചപ്പൊഴേയ്ക്കും ശവം ഗ്രാമാതിര്‍ത്തി കടന്നിരുന്നു ശ്മശാനത്തിലെ എല്ലാ ശവങ്ങളും പളുങ്കുമണികള്‍ കിലുക്കി അതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ഊതനിറത്തില്‍ മലയാളത്തിലുള്ള കൈകളുമായി, അമ്പത്തൊന്നു വിരലുകളുമായി. |
മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ ത്വാം ദേവി! സന്തതമഹം പരിപൂജയാമി ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി! കുസുമാനി ച തേഽർപ്പയാമി. വിദ്യാര്‍ത്ഥികള്‍ക്കു് പ്രയോജനപ്പെടുന്ന കുറെ അറിവുകള്‍ വിവിധ ബ്ലോഗുകളില്‍ നിന്നു് ശേഖരിച്ചതാണു്.ഗൂഗി വാ തി ഓംഗോ,യൂ റി നഗിബേല് തുടങ്ങിയവരെക്കുറിച്ചു് ക്ലാസ്സെടുക്കുവാന്‍ റഫര്‍ ചെയ്തതു് പിന്നീടും ഉപകരിക്കുമെന്നു തോന്നി.കൂടെ ഹരിശ്രീയിലും വീദ്യാരംഗത്തിലും ചേര്‍ത്ത കുറെ സ്വന്തംപോസ്റ്റുകളും...
2012, ജൂൺ 18, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ