2012, മേയ് 5, ശനിയാഴ്‌ച

ഇലഞ്ഞിക്കിത് പത്താം പൂരം


ഇലഞ്ഞിക്കിത് പത്താം പൂരം

വടക്കുംനാഥന്റെ മുറ്റത്ത് പുതിയ ഇലഞ്ഞി നട്ടുപിടിപ്പിച്ചിട്ട് ഇത് പത്താം വര്‍ഷം. പുതിയ ഇലഞ്ഞിക്ക് ഈ വര്‍ഷത്തെ പൂരം ഉണര്‍ത്തുന്നത് പത്തു വര്‍ഷത്തെ മധുരസ്മരണകളാണ്.

പൂരപ്രേമികളെ എക്കാലത്തും ആകര്‍ഷിക്കുകയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്യുന്ന ഇലഞ്ഞിത്തറ മേളം. വടക്കുംനാഥന്റെ മുന്നില്‍ തലയെടുപ്പോടെ നിന്നിരുന്ന ഇലഞ്ഞി 2001 ല്‍ വീണു.

പുതിയ ഇലഞ്ഞിത്തൈ നല്‍കാന്‍ പലരും മുന്നോട്ടുവന്നിരുന്നു. പൂരനാളിലെ ഇലഞ്ഞിത്തറ മേളം ഒരുക്കാന്‍ അവസരം ലഭിക്കുന്നതിന്റെ പേരെടുക്കലായിരുന്നു പലരുടെയും ലക്ഷ്യം. വടക്കുംനാഥ ക്ഷേത്രക്ഷേമ സമിതിയും പാറമേക്കാവ് ദേവസ്വവും ചേര്‍ന്നാണ് പുതിയ തൈ കണ്ടെത്താനുള്ള ഉത്തരവാദിത്വം കേരള വനഗവേഷണകേന്ദ്രത്തെ ഏല്പിച്ചത്.

പൂരത്തിന്റെ പ്രാധാന്യം ഇലഞ്ഞിത്തറ മേളത്തിനും ഉണ്ടെന്ന തിരിച്ചറിവ് വനഗവേഷണ കേന്ദ്രത്തിന്റെ അന്നത്തെ ഡയറക്ടര്‍ ഡോ.ജ്യോതികുമാര്‍ ശര്‍മ്മയ്ക്കും ഉണ്ടായിരുന്നു. അദ്ദേഹം പുതിയ ഇലഞ്ഞി തിരഞ്ഞെടുക്കാന്‍ ഡോ.എന്‍. ശശിധരന്‍, ഡോ.ആര്‍.സി. പണ്ഡാലെ, എ. രാമകൃഷ്ണന്‍ എന്നിവരുടെ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഏറെനാളത്തെ അന്വേഷണത്തിന് ശേഷമാണ് വനഗവേഷണകേന്ദ്രത്തില്‍ നട്ടിരുന്ന ഏറ്റവും മികച്ച ഇലഞ്ഞിച്ചെടിയെ തിരഞ്ഞെടുത്തത്. അന്നതിന് 12 അടി ഉയരമുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് അടിവേരുകള്‍ നശിപ്പിക്കാതെ മണ്ണിനുപോലും കേടുപാടുകള്‍ അധികം സംഭവിക്കാതെയാണ് 2001 സപ്തംബര്‍ 11 ന് ഇലഞ്ഞി പറിച്ചുനട്ടത്.

ഇലഞ്ഞിയുടെ സംരക്ഷണച്ചുമതല ഇപ്പോഴും വനഗവേഷണകേന്ദ്രത്തിനാണ്. കുട്ടികളെ പരിപാലിക്കുന്നതു പോലെ ഇപ്പോഴും ഉദ്യോഗസ്ഥര്‍ എത്തി ഇലഞ്ഞിയുടെ വിശേഷങ്ങള്‍ അറിയാറുണ്ട്. ശാസ്ത്രീയരീതിയില്‍ ആവശ്യമായ പരിചരണങ്ങളും നല്‍കുന്നുണ്ട്.

കേടുപാടുകള്‍ കാലതാമസം കൂടാതെ തീര്‍ക്കുന്നതിന് പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും പാറമേക്കാവ് ദേവസ്വത്തിന്റെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കുന്നത്. ഇലഞ്ഞിത്തറ കെട്ടാന്‍ ക്ഷേത്രം ഭാരവാഹികള്‍ അനുമതി തേടിയിരുന്നെങ്കിലും പ്രായമായിട്ടില്ലെന്നാണ് വനഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇലഞ്ഞി വളര്‍ന്ന് വലുതായി. പൂരനാളില്‍ മേളം ആസ്വദിക്കാനെത്തുന്നവര്‍ക്ക് തണലേകി മേളത്തിമര്‍പ്പില്‍ ഇലഞ്ഞിയും അലിഞ്ഞുചേരും, പത്ത് വര്‍ഷത്തെ സ്മരണകളോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ